ആലപ്പുഴ: വ്യാപാരിയെ കബളിപ്പിച്ച് ഒരു ലക്ഷം രൂപ അപഹരിച്ചതായി പരാതി. പാതിരപ്പള്ളിയിലെ ബി ആൻഡ് ബി ഹാർഡ്വെയേഴ്സ് സ്ഥാപനത്തിലാണ് മോഷണം നടന്നത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 1.30നായിരുന്നു സംഭവം.
കടയുടമ ബാബുരാജിന്റെ ശ്രദ്ധ തിരിപ്പിച്ചതിനു ശേഷമായിരുന്നു മേശയ്ക്കുള്ളിൽ പണം സൂക്ഷിച്ചിരുന്ന ബാഗ് മോഷ്ടിച്ചത്.
സംഭവത്തെക്കുറിച്ച് ഉടമ പറയുന്നതിങ്ങനെ: ബുധനാഴ്ച ഉച്ചയോടെ പ്ലംന്പിംഗ് ആവശ്യത്തിനുള്ള സാമഗ്രികൾ വാങ്ങിയ ആൾക്ക് അഞ്ഞൂറു രൂപ തന്നതിന്റെ ബാക്കി നൽകിയപ്പോൾ നൂറിന്റെ നോട്ടിനുപകരം ഇരുനൂറിന്റെ നോട്ടുകൾ ആവശ്യപ്പെട്ടു. ബാഗിൽ നിന്ന് ആവശ്യപ്പെട്ട നോട്ട് നൽകിയതിനുശേഷം തിരികെ മേശയ്ക്കകത്തുവെച്ചു പൂട്ടി.
നിമിഷങ്ങൾക്കുള്ളിൽ മറ്റൊരാൾ വന്ന് അതേ സാധനം എണ്ണത്തിൽ കൂടുതൽ ആവശ്യപ്പെട്ടു. ഒറ്റയ്ക്ക്് ആയിരുന്നതിനാൽ സാധനം എടുക്കാൻ മുറിയിലേക്ക് പോയി. വാങ്ങാൻ വന്ന ആളും കൂടെ വന്നിരുന്നു. പണം നൽകി ആള് പോയ ശേഷം മേശയ്ക്കകം പരിശോധിച്ചപ്പോഴാണ് പണം അടങ്ങിയ ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.