പയ്യന്നൂര്‍(കണ്ണൂർ): കരിവെള്ളൂര്‍ പാലക്കുന്നില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. പാലക്കുന്ന് പെട്രോള്‍ പമ്പിന് സമീപത്തെ പി.കെ. അച്യുതന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
മംഗളൂരുവില്‍ ജോലിചെയ്യുന്ന മകന് അശ്വിനെ കാണാൻ പോയിരുന്ന അച്യുതനും ഭാര്യ ഗീതയും ഇന്നലെ രാവിലെ പത്തോടെ തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ കവര്‍ച്ച നടന്നതായി മനസിലായത്. പൂട്ടിയിട്ടിരുന്ന വീടിന്റെ മുന്‍വശത്തെ ഗ്രില്ലും വാതിലും തകര്‍ത്താണ് ഓഫീസ് റൂമിലും കിടപ്പുമുറിയിലുമുണ്ടായിരുന്ന സാധനങ്ങളുള്‍പ്പെടെ കവര്‍ച്ച നടത്തിയത്. വീട്ടിലുണ്ടായിരുന്ന മുഴുവന്‍ അലമാരകളും തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ടിരുന്നു.
അലമാരകളില്‍ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പ്, കാമറ,രണ്ട് മൊബൈല്‍ ഫോണുകള്‍, ആറ് വാച്ചുകള്‍,10,000 രൂപ, മിക്സര്‍ ഗ്രൈന്‍ഡര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍ എന്നിവ കവര്‍ച്ചക്കാര്‍ കൊണ്ടുപോയി. കവര്‍ച്ചയിലൂടെ 1,18,000 രൂപയുടെ നഷ്ടമുണ്ടായെന്ന് അച്യുതന് പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. കണ്ണൂരിൽ നിന്നെത്തിയ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.
വരാന്തയിൽ നിന്നും കവര്‍ച്ചക്കാര്‍ അടിച്ചുതകര്‍ത്ത സ്റ്റൂളിന്റെ കഷ്ണങ്ങളില്നിന്നും ലഭിച്ച വിരലടയാളങ്ങള്‍ ഫോറന്‍സിക് വിദഗ്ധർ പരിശോധിച്ചു വരികയാണ്.കവര്‍ച്ച ചെയ്യപ്പെട്ട മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പറുകള്‍ പോലീസ് സൈബര്‍സെല്ലിന് കൈമാറിയിട്ടുണ്ട്.
സമീപത്തെ രണ്ട് കെട്ടിടങ്ങളില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യങ്ങള്‍ പരിശോധനാ വിധേയമാക്കിയതിൽ നിന്നാണ് കവര്‍ച്ച നടത്തിയവരെപറ്റി പോലീസിന് സൂചനകള്‍ ലഭിച്ചത്. വീട്ടുകാര്‍ സ്ഥലത്തില്ലെന്ന് വ്യക്തമായി മനസിലാക്കിയവരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.