കൊടകര: കൊടകരയിലെ രണ്ടിടങ്ങളിൽ ഇന്നലെ രാത്രി മോഷണം നടന്നു. പേരാന്പ്ര മാത്തള സിറ്റിയിലുള്ള നാലു വ്യാപാര സ്ഥാപനങ്ങളിലും കൊടകര അഴകത്തുള്ള ഭാരത് ഗ്യാസ് ഏജൻസി ഓഫീസിലുമാണ് മോഷണം നടന്നത്.
മാത്തള സിറ്റിയിലെ ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന റേഷൻ കട, പലചരക്ക് കട, സ്പെയർ പാർട്സ് കട, പിവിസി പൈപ്പുകൾ വിൽക്കുന്ന കട എന്നിവിടങ്ങളിലാണ് മോഷണം.
കടകളുടെ പൂട്ടുകൾ പൊളിച്ചാണ് മോഷണം. പാലിയേക്കര ഡെന്നിയുടെ ഉടമസ്ഥതയിലുള്ള റേഷൻ കടയിൽ നിന്ന് 700 രൂപയും പാലിയേക്കര ജെന്നിയുടെ പലചരക്ക് കടയിൽ നിന്ന് 2500 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. പൊട്ടത്തുപറന്പിൽ രാജേഷിന്റെ സ്പെയർപാർടസ് കട കുത്തിതുറന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അഴകത്തുള്ള ശ്രീമോൻ ഭാരത് ഗ്യാസ് ഏജൻസിയുടെ ഓഫീസ് കുത്തിതുറന്ന് അകത്തുകടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടതായി വിവരമില്ല.
സിസി ടിവി കാമറയിൽ പതിഞ്ഞിട്ടുള്ള മോഷ്ടാക്കളുടെ ചിത്രം പോലിസ് പരിശോധിച്ചു വരുന്നുണ്ട്. ബൈക്കിൽ വന്ന രണ്ടുപേർ ് ഗ്യാസ് ഏജൻസ് ഓഫീസ് കുത്തിതുറക്കുന്നത് കാമറ ദൃശ്യങ്ങളിലുണ്ട്. അതിനിടെ കോടാലി മാങ്കുറ്റിപ്പാടം ശാന്തി നഗറിനു സമീപത്തെ കാട്ടുങ്ങൽ ശിവരാജന്റെ വീടിന്റെ മുൻവശത്തുള്ള ഭിത്തിയിൽ കണ്ട അടയാളം പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.
പേന കൊണ്ട് വരച്ചിട്ട നിലയിലുള്ള അടയാളമാണ് ശിവരാജന്റെ വീടിന്റെ ഭിത്തിയിൽ ഇന്നലെ കണ്ടത്. ഇത് കാണപ്പെടുന്നതിനു മുന്പായി രണ്ടു നാടോടി സ്ത്രികൾ ഈ വീട്ടിൽ വന്നിരുന്നതായി പറയുന്നു. നാട്ടുകാർ പോലിസിൽ വിവിരം നൽകിയിട്ടുണ്ട്.