തിരുവനന്തപുരം: അഭിഭാഷകയുടെ വീട്ടിൽ വൻ കവർച്ച നടന്ന സംഭവത്തിൽ പ്രൊഫഷണൽ മോഷണ സംഘങ്ങളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഉൗർജിതമാക്കി. മണക്കാട് കൊഞ്ചിറവിളയിൽ അഭിഭാഷകയായ കവിതയുടെ വീട്ടിൽ നിന്നും പതിനാറ് ലക്ഷം രൂപ വിലപിടിപ്പ് വരുന്ന 70 പവൻ സ്വർണാഭരണങ്ങളും 20 ലക്ഷം രൂപ വിലപിടിപ്പ് വരുന്ന ഡയമണ്ടും 25000 രൂപയും അപഹരിച്ച സംഭവത്തിലാണ് പ്രൊഫഷണൽ മോഷണ സംഘങ്ങളെയും അന്യസംസ്ഥാന മോഷണ സംഘത്തെയും കേന്ദ്രീകരിച്ച് അന്വേഷണം ഉൗർജിതമാക്കിയിരിക്കുന്നത്.
കവിതയും കുടുംബവും വിനോദയാത്രക്ക് പോയിരുന്നതിനാൽ മൂന്ന് ദിവസം വീട് പൂട്ടിയിട്ടിരുന്നു. ഇന്നലെ രാവിലെ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടത്. ഇരു നില വീടിലെ രണ്ടാം നിലയിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണവും ഡയമണ്ടും പണവുമാണ് മോഷ്ടാക്കൾ അപഹരിച്ചത്.
റോഡ് വശത്തെ സിസിടിവി കാമറകളും പ്രദേശത്തെ വിവിധ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കാൻ പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഈ അടുത്ത കാലത്ത് ജയിൽ മോചിതരായ മോഷ്ടാക്കളുടെ വിവരങ്ങളും പോലീസ് ശേഖരിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ഫോറൻസിക് പരിശോധനയും വിരലടയാള വിദഗ്ധരുടെയും സേവനവും അന്വേഷണത്തിന് തേടാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ആർ. പ്രതാപൻ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.