കൊല്ലം :ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ മോഷണശ്രമത്തിനിടയിൽ തലയടിച്ച് പൊട്ടിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം. ഏരൂർ സ്വദേശിനി ആനി ഫിലിപ്പാണ് (62) മോഷ്ടാക്കളുടെ ആക്രമണത്തിന് ഇരയായത്.വീട്ടമ്മ ഗുരുതരപരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞദിവസം രാത്രിയിൽ അടുക്കളഭാഗത്തെ ജനലും ഓടും ഇളക്കി മോഷ്ടാക്കൾ വീട്ടിനുള്ളിൽ പ്രവേശിക്കുകയായിരുന്നു.
വീടിന്റെ ഹാളിൽ ഉറങ്ങുകയായിരുന്ന വീട്ടമ്മ ശബ്ദം കേട്ട് ഉണർന്നപ്പോഴത്തേക്കും മോഷ്ടാക്കൾ വീട്ടമ്മയെ കടന്നുപിടിച്ചു വാ മൂടി കെട്ടി കൈകാലുകൾ ബന്ധിക്കാൻ ശ്രമം നടത്തി.എന്നാൽ ചെറുത്തുനിന്ന വീട്ടമ്മയെ മോഷ്ടാക്കൾ കൈവശമുണ്ടായിരുന്ന ആയുധമുപയോഗിച്ച് തലയടിച്ചുപൊട്ടിക്കുകയായിരുന്നു . ആക്രമണത്തിനുശേഷം മോഷ്ടാക്കൾ രക്ഷപ്പെട്ടു.
ആക്രമണത്തിന് ഇരയായ വീട്ടമ്മ ഫോണിൽ കൂടി വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കളെത്തി അവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വീട്ടിനുള്ളിൽ രക്തം തളം കെട്ടി കിടന്നിരുന്നു. വിരലടയാള വിദഗ്ധരും, സയൻറിഫിക് വിഭാഗവും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ആക്രമണം നടത്തി മോഷണം നടത്തുന്ന സംഘത്തിലെ കണ്ണികൾ ആയിരിക്കും സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ മോഷ്ടാക്കളെ കേന്ദ്രീകരിച്ചും സമീപ പ്രദേശത്തെ സിസിടിവികൾ പരിശോധിച്ചും അന്വേഷണം വ്യാപിപ്പിച്ചതായി ഏരൂർ എസ്ഐ സുധീഷ് കുമാർ പറഞ്ഞു.