കൊച്ചി: മുളവുകാട് ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മയുടെ തലയ്ക്കു വെട്ടി കവര്‍ച്ചാശ്രമം. പരിക്കേറ്റ 63കാരിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുളവുകാട് തുണ്ടിപ്പറമ്പില്‍ പരേതനായ ചാനിയുടെ ഭാര്യ സില്‍വി(63) ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ 12.30നായിരുന്നു സംഭവം.
പൊന്നാരിമംഗലം ടോള്‍ പ്ലാസയ്ക്ക് അടുത്താണ് ഇവര്‍ താമസിക്കുന്നത്. സ്റ്റെയര്‍ റൂമിനോടു ചേര്‍ന്നുള്ള വാതിലിന്റെ ഷീറ്റ് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നതെന്നു സംശയിക്കുന്നു. മുറിയിലെത്തിയ മോഷ്ടാവ് ഇവരോട് ആദ്യം പണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണമാല ഊരിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു.
എന്നാൽ ഇത് നല്‍കാത്തതിനെത്തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന വാക്കത്തിക്കൊണ്ട് സില്‍വിയുടെ തലയില്‍ വെട്ടുകയായിരുന്നു. ബോധം തിരിച്ചു കിട്ടിയ സമയത്ത് സില്‍വി തന്നെ അടുത്തുള്ള ബന്ധുവിനെ ഫോണില്‍ വിളിച്ച് അക്രമത്തെക്കുറിച്ച് അറിയിക്കുകയായിരുന്നു.
ബന്ധുക്കള്‍ എത്തിയപ്പോള്‍ ഇവര്‍ രക്തം വാര്‍ന്ന് ബോധരഹിതയായി കിടക്കുകയായിരുന്നു. ഉടന്‍തന്നെ മുളവുകാട് പോലീസ് സ്ഥലത്തെത്തി ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സില്‍വിക്ക് ബോധം തെളിഞ്ഞാല്‍ മാത്രമേ വീട്ടില്‍നിന്ന് എന്തെല്ലാം വസ്തുക്കള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അറിയാനാവൂ. ഭര്‍ത്താവും മക്കളും മരിച്ചതിനെത്തുടര്‍ന്ന് സില്‍വി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വീടിനോടു ചേര്‍ന്ന് ഇവര്‍ ചെറിയൊരു ഹോട്ടല്‍ നടത്തുന്നുണ്ട്.
അക്രമി മാനസിക രോഗിയാണെന്നു സംശയമുണ്ടെന്ന് മുളവുകാട് പോലീസ് പറഞ്ഞു. ഇയാള്‍ അവിടെനിന്ന് പണം കൈക്കലാക്കിയിട്ടുണ്ട്. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.