ചെങ്ങന്നൂർ : അടുക്കള വാതിൽ തീവെച്ച് നശിപ്പിച്ച് വീട്ടമ്മയുടെ മാല കവർന്നു. പാണ്ടനാട് കണ്ണംങ്കര പുത്തൻവീട്ടിൽ പരേതനായ സദാശിവൻപിള്ളയുടെ മകൾ ആതിര (27)യുടെ മാലയാണ് കവർന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. ആതിരയും മാതാവ് ഗീത എസ് പിള്ളയും (56), ആതിരയുടെ ഒന്നര മാസം പ്രായമുള്ള മകൻ അഥർവും ആണ് വീട്ടിലുണ്ടായിരുന്നത്.
ആതിരയുടെ ഭർത്താവ് ടിനു ചവറയിലെ കന്പനി ജീവനക്കാരനാണ്. കിടപ്പുമുറ്റയിലെത്തിയ മോഷ്ടാവ് ആതിരയുടെ കഴുത്തിലെ മാലയ്ക്ക് പിടിക്കുന്നതിനിടയിൽ ഇവർ ഉണർന്ന് നിലവിളിച്ചു നിലവിളി കേട്ട് മാതാവുകൂടി ബഹളം വച്ചതിനെത്തുടർന്ന് അഞ്ച് പവന്റെമാലയുടെ കിട്ടിയ കഷ്ണവുമായി മോഷ്ടാവ് ഓടി രക്ഷപെടുകയായിരുന്നു.
അവശേഷിക്കുന്ന മാലയുടെ കഷണവും താലിയും ,ലോക്കറ്റും അടങ്ങിയ ഭാഗത്തിന് ഒന്നേ മുക്കാൽ പവൻ തൂക്കം ഉണ്ട്. മുറിയിൽ ആകെ പുക ആയിരുന്നതിനാൽ മോഷ്ടാവിനെ വ്യക്തമായി കാണുവാൻ കഴിഞ്ഞില്ല. അടുക്കള വാതിൽ തീവെച്ച് കത്തിച്ചതിനു ശേഷം ആയിരുന്നു മോഷണം നടത്തിയത്. രണ്ടു പാളി ഉള്ളതിൽ തകർന്ന താഴത്തെ പാളിയിലൂടെ ആണ് മോഷ്ടാവ് അകത്ത് കടന്നത്.
അടുത്ത മുറിയിൽ ഉണ്ടായിരുന്ന സ്മാർട്ട് ഫോണ്, പഴ്സിലെ 1500 രൂപാ, രണ്ട് ലേഡീസ് വാച്ച് എന്നിവയും കവർന്നിരുന്നു. കവർച്ചയ്ക്ക് ശേഷം പണമെടുത്ത പഴ്സ്, സ്മാർട്ട് ഫോണ്, ലേഡീസ് വാച്ചൂകൾ എന്നിവ വീടിനു വെളിയിൽ സൂക്ഷിച്ചിരുന്ന പാത്രത്തിലെ വെള്ളത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വിരലടയാള വിദഗ്ധ ശീതൾ സ്ഥലത്തെത്തി പരിശോധന നടത്തി. ചെങ്ങന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.