ആലുവ: കാലവർഷം കനത്തതോടെ സജീവമായി കവർച്ചാസംഘങ്ങൾ. ആലുവയുടെ പരിസരപ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മോഷണപരന്പരകളിലെ പ്രതികളെ കണ്ടെത്താനാകാതെ പോലീസ് ഇരുട്ടിൽ തപ്പുകയാണ്.
കഴിഞ്ഞദിവസം നടന്ന തോട്ടയ്ക്കാട്ടുകര കവർച്ചയ്ക്ക് തൊട്ടുപിന്നാലെ ബുധനാഴ്ച സമീപത്തെ പറവൂർ കവലയിലെ അഞ്ച് കടകളാണ് കുത്തിതുറന്ന് മോഷണം നടത്തിയത്. അന്വേഷണങ്ങൾക്ക് വഴിത്തിരിവാകുന്ന സിസിടിവി ദൃശ്യങ്ങളും സംഭവസ്ഥലത്തുനിന്നും ലഭിച്ച വിരലടയാളങ്ങളും വിശദമായി പരിശോധിക്കുന്നുണ്ടെങ്കിലും പ്രതികളെ കണ്ടെത്താനാകാതെ പോലീസ് വലയുകയാണ്.
റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ക്യാന്പ് ഓഫീസ് സ്ഥിതിചെയ്യുന്ന തോട്ടയ്ക്കാട്ടുകരയ്ക്ക് വിളിപ്പാട് അകലെ കഴിഞ്ഞ പന്ത്രണ്ടിന് നടന്നത് വൻ കവർച്ചയായിരുന്നു. ജിസിഡിഎ റോഡിൽ പാണേലി ജോർജ് മാത്യുവിന്റെ വീട് കുത്തിതുറന്ന് വജ്രാഭരണങ്ങളും പണവുമടക്കം 30 ലക്ഷം രൂപയുടെ കവർച്ചയാണ് നടന്നത്. വീടിന്റെ താഴെ നിലയിലെ കിടപ്പുമുറിയിൽ ഡിജിറ്റൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപയുടെ വജ്രാഭരണങ്ങൾ, 65,000 രൂപ, 2000 യുഎസ് ഡോളർ, 800 പൗണ്ട്, 40 പവൻ സ്വർണം എന്നിവയാണ് വിദഗ്ധമായി കവർന്നത്.
എറണാകുളത്തെ ബന്ധുവീട്ടിൽ പോയി ജോർജും കുടുംബവും രാത്രി പന്ത്രണ്ടോടെ മടങ്ങിയെത്തിയപ്പോഴാണ് കവർച്ച നടന്നതറിയുന്നത്. ഒന്നിൽ കൂടുതൽ പേർ അടങ്ങിയ പ്രഫഷണൽ സംഘമാണ് ഈ കവർച്ചയ്ക്ക് പിന്നിലെന്ന നിഗമനത്തിലാണ് കേസ് അന്വേഷിക്കുന്ന ആലുവ ഈസ്റ്റ് പോലീസ്. കവർച്ച നടന്ന വീട്ടിൽ ആവശ്യത്തിന് സിസിടിവികൾ ഉണ്ടായിരുന്നില്ല. തുടർന്ന് പരിസരത്തെ സ്വകാര്യവ്യക്തികളുടെയും റെസിഡൻസ് അസോസിയേഷന്റെയും കാമറ ദൃശ്യങ്ങളാണ് പോലീസ് അന്വേഷണത്തിന് ആശ്രയിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയാണ് തൊട്ടടുത്ത പറവൂർകവലയിൽ അഞ്ച് കടകൾ കുത്തിതുറന്ന് മോഷണം നടത്തിയത്. പറവൂർ റോഡിലെ അൽബർക്കത്ത് ഷോപ്പിംഗ് കോംപ്ലക്സിലെ പ്രീമിയർ ഇലക്ട്രിക്കൽസ്, നൈസ് ബ്യൂട്ടിപാർലർ, സിൽവർ ജെന്റ്സ് ബ്യൂട്ടിപാർലർ, ട്വിൻസ് ടെക്സ്റ്റൈൽസ്, അലർജി ക്ലിനിക് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. കടകളുടെ താഴ് തകർത്തായിരുന്നു മോഷണം.
സാധന സാമഗ്രികൾ നഷ്ടമായില്ലെങ്കിലും കടകളിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു. മോഷ്ടാവിന്റേതെന്ന് കരുതുന്ന സിസിടിവി ദൃശ്യം ലഭിച്ചെങ്കിലും ഈ കേസിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് സംശയമുള്ളവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഇതോടെ ആലുവയിലും പരിസരങ്ങളിലും നടന്ന തെളിയിക്കാനാകാത്ത കവർച്ചാകേസുകളുടെ എണ്ണം ഏറുകയാണ്. തായിക്കാട്ടുകരയിൽ 300 പവനും തോട്ടുംമുഖത്ത് 100 പവനും കവർന്ന കേസുകൾക്ക് തുന്പുണ്ടാക്കാൻ പോലീസിന് ഇതുവരെ കഴിഞ്ഞിരുന്നില്ല.
ആലുവ സിഐയ്ക്ക് അന്വേഷണ ചുമതലയുണ്ടായിരുന്ന എടയാറിലെ 20 കിലോ സ്വർണകവർച്ച കേസിൽ പ്രതികൾ പിടിയിലായെങ്കിലും തൊണ്ടിമുതൽ കണ്ടെത്താൻ കഴിയാതെ പോയതും പോലീസിന് നാണക്കെടുണ്ടാക്കിയിട്ടുണ്ട്. കവർച്ചാ ഭീതിയകറ്റാൻ പോലീസ് കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് വിവിധ റെസിഡൻസ് അസോസിയേഷനുകളുടെയും നാട്ടുകാരുടെയും ആവശ്യം.