അന്പലപ്പുഴ: അടഞ്ഞു കിടന്ന വീട്ടിൽ നിന്ന് അഞ്ചു ലക്ഷം വിലവരുന്ന സ്വർണാഭരണങ്ങളും ഗൃഹോപകരണങ്ങളും മോഷണം പോയി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അന്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് വടക്കേ നടയിൽ മംഗലപ്പള്ളി എം.കെ. പുരുഷോത്തമ ദാസിന്റ മകൻ ശ്രീകുമാറി(62) ന്റെ വീട്ടിലാണ് മോഷണം നടന്നത്.
നാല് ലക്ഷത്തി ഇരുപത്തി ഒൻപതിനായിരം രുപ വിലവരുന്ന 149 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങളായ മാല, കമ്മൽ, മൂക്കുത്തി, വള എന്നിവയും 39000 രൂപ വിലവരുന്ന മറ്റ് സാധനങ്ങൾ, 24000 രുപ വിലവരുന്ന ടിവി, 5,000 രൂപ വിലവരുന്ന സ്റ്റീൽ വാൾ എന്നിവ മോഷണം പോയതിൽ ഉൾപ്പെടും.
കഴിഞ്ഞ നാലു ദിവസമായി ശ്രീകുമാറിന്റെ കുടുംബം വീട്ടിൽ ഇല്ലായിരുന്നു. ഓണം കഴിഞ്ഞ് ഇന്നലെ വൈകുന്നേരം വീട്ടിലെത്തി അകത്ത് കയറിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് രാത്രിയോടെ അന്പലപ്പുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.