വാഷിംഗ്ടൺ ഡിസി: കടയിൽ കയറിയ മോഷ്ടാവിനെ അടിച്ചുവീഴ്ത്തിയ പഞ്ചാബിയുടെ വീഡിയോ അമേരിക്കയിൽ വൈറലായി. കലിഫോർണിയയിലാണു സംഭവം.
മുഖംമൂടി ധരിച്ചു കടയിലെത്തിയയാൾ ജീവനക്കാരെ ഭീഷണിപ്പെടുത്തിയശേഷം കവർച്ച നടത്തുകയായിരുന്നു. ഇയാൾ കടയിൽ വരുന്നതും റാക്കിൽനിന്നു സാധനങ്ങൾ വലിയ ക്യാനിലേക്കു പെറുക്കിയിടുന്നതും വീഡിയോയിൽ കാണാം.
ജീവനക്കാർ തടയാൻ ശ്രമിച്ചപ്പോൾ പോക്കറ്റിൽനിന്ന് ആയുധം പുറത്തെടുക്കുന്നതുപോലെ ആക്ഷൻ കാട്ടി. ക്യാൻ നിറയെ സാധനങ്ങളുമായി പുറത്തേക്കു പോകാൻ ശ്രമിക്കുന്നതിനിടെ കടയിലെ ഒരു ജീവനക്കാരൻ കള്ളന്റെ കൈയിൽ കയറിപ്പിടിച്ചു.
അതിനിടെ കടയിലുണ്ടായിരുന്ന സിക്കുകാരൻ വലിയൊരു വടി ഉപയോഗിച്ച് കള്ളനെ അടിച്ചുവീഴ്ത്തി. നിലത്തുവീണ മോഷ്ടാവ് വേദനകൊണ്ടു പുളഞ്ഞിട്ടും അടി നിർത്തിയില്ല. അതിനിടെ മറ്റുള്ളവർ ചേർന്നു കള്ളനെ കീഴ്പ്പെടുത്തി.
സോഷ്യൽ മീഡിയയിൽ സിക്കുകാരന്റെ ധൈര്യം പ്രശംസിക്കപ്പെട്ടു. അക്രമത്തിനെതിരെങ്കിലും സിക്കുകാരൻ കാണിച്ചതിൽ തെറ്റില്ലെന്ന് ഒട്ടേറെപ്പേർ അഭിപ്രായപ്പെട്ടു.
പഞ്ചാബികളോട് ഒരിക്കലും കളിക്കരുതെന്നായിരുന്നു ഒരു കമന്റ്. ഈ സിക്കുകാരൻ കടയുടെ ഉടമയാണെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്.