പെരുമ്പാവൂർ: ആഡംബര ബൈക്കുകളും മൊബൈൽ ഫോണുകളും മോഷ്ടിക്കുന്ന രണ്ടംഗ സംഘത്തെ പോലീസ് പിടികൂടി. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശികളായ എസ് വളവ് ലക്ഷംവീട് കോളനിയിൽ ആനോട്ടിൽപറമ്പ് അൻഷാദ് (23), അറഫ സ്കൂളിനു സമീപം കമ്മല വയലിൽ റാഫി (23) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.
കഴിഞ്ഞ വ്യാഴാഴ്ച പെരുമ്പാവൂർ റോയൽ ബേക്കറിക്ക് സമീപത്തുനിന്നു യമഹ എഫ്സി ബൈക്ക് മോഷണം പോയ കേസിൽ പിടിയിലായ അൻഷാദിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു റാഫി അറസ്റ്റിലാകുന്നതും മോഷണപരമ്പര പുറത്താകുന്നതും.സ്ഥിരം കഞ്ചാവ് ഉപയോഗിക്കുന്ന പ്രതികൾ ഇടുക്കി, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നു കഞ്ചാവ് വാങ്ങുന്നതിനും പണത്തിനും വേണ്ടിയാണ് മോഷണം നടത്തുന്നതെന്നു പോലീസ് പറഞ്ഞു.
കോതമംഗലത്തെ സിവിൽ സ്റ്റേഷന് സമീപം, മൂവാറ്റുപുഴ വാഴപ്പിള്ളി എന്നിവടങ്ങളിൽനിന്നു യമഹ ബൈക്കുകൾ, ചെറുവട്ടൂർ, കുന്നുവഴി, പട്ടിമറ്റം, ചുണങ്ങംവേലി ഭാഗങ്ങളിൽനിന്നു പൾസർ ബൈക്കുകൾ, പെരുമ്പാവൂർ, മൂവാറ്റുപുഴ, കിഴക്കമ്പലം, കൂത്താട്ടുകുളം എന്നിവിടങ്ങിലെ ഇതര സംസഥാനക്കാരുടെ പണം, മൊബൈൽ ഫോൺ എന്നിവയും പ്രതികൾ മോഷണം നടത്തിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.
ഒരാഴ്ച മുമ്പ് പട്ടിമറ്റം കനാൽ പാലത്തിനു സമീപത്തെ പെട്ടിക്കടയും ആലുവ രാജഗിരി ആശുപത്രിക്ക് സമീപത്തെ സ്റ്റേഷനറി കടയും കുത്തിത്തുറന്നു പണവും സിഗരറ്റും മോഷ്ടിച്ചതായി പ്രതികൾ പോലീസിനോട് സമ്മതിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ റാഫി കഴിഞ്ഞ ജൂണിലാണ് ജാമ്യത്തിലിറങ്ങിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും.