കോട്ടയം: അതിരന്പുഴയിലെ കള്ളന് അക്വേറിയം മതി. അതിരന്പുഴ മണ്ണാർകുന്നിലെ ഒരു വീടിന്റെ സിറ്റൗട്ടിൽ വച്ചിരുന്ന വലിയ അക്വേറിയം ഇന്നലെ രാത്രിയിൽ ആരോ മോഷ്ടിച്ചു. മണ്ണാർകുന്ന് പനയത്തികവല വേകത്താനം ജോയിയുടെ വീട്ടിലെ അക്വേറിയമാണ് കള്ളൻ അടിച്ചു മാറ്റിയത്.
രാത്രി ഒരു മണിക്ക് ശേഷമാണ് മോഷണം. അക്വേറിയത്തിലെ വെള്ളം പോലും കളയാതെയാണ് കൊണ്ടുപോയിരിക്കുന്നത്. അതി സൂക്ഷ്മമായിട്ടാണ് അക്വേറിയം എടുത്തു മാറ്റിയതെന്ന് വ്യക്തം. ഒരു തുള്ളി വെള്ളം പോലും സിറ്റൗട്ടിൽ വീണിട്ടില്ല. ലൈറ്റും മോട്ടോറും അടക്കം എല്ലാം കൊണ്ടുപോയി. ഇതോടൊപ്പം ഒരു മൊബൈൽ ചാർജറും അടിച്ചു മാറ്റിയിട്ടുണ്ട്.
അക്വേറിയം എടുത്തുകൊണ്ടു പോകാൻ രണ്ടു പേർ വേണം. അതിനാൽ മോഷണത്തിൽ ഒന്നിലധികം പേർ ഉൾപ്പെട്ടതായി വ്യക്തമായി. വീടിനു പുറകിലെ വിറകു പുരയിലും മോഷ്ടാക്കൾ തെരച്ചിൽ നടത്തിയിട്ടുണ്ട്. എല്ലാം വാരിവലിച്ചിട്ടിരിക്കുകയാണ്.
മുറ്റത്ത് രണ്ട് കാറുകളും ഒരു ബൈക്കും ഉണ്ടായിരുന്നെങ്കിലും അവയിലൊന്നും മോഷ്ടാക്കൾക്ക് നോട്ടമില്ലായിരുന്നു. 1800 രൂപ മുടക്കി ഒരു മാസം മുൻപ് വാങ്ങിയ അക്വേറിയമാണ് മോഷ്ടിച്ചത്. മുൻപ് വീടിനു പുറത്തിരിക്കുന്ന പാത്രങ്ങളും രൂപങ്ങളുമൊക്കെ മോഷണം പോയിട്ടുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. അതിനാൽ പ്രാദേശിക കള്ളനാകാനാണ് സാധ്യത.