കോട്ടയം: ഗുണ്ടാനേതാവ് അലോട്ടിയുടെ നേതൃത്വത്തിൽ കോട്ടയത്തെ കൊറിയർ സ്ഥാപനത്തിലെ കുരുമുളക് സ്പ്രേ പ്രയോഗിച്ചു കവർച്ച നടത്തിയ സംഭവത്തിൽ പിടിയിലായ മുഖ്യ ആസൂത്രകനെ റിമാൻഡ് ചെയ്തു.
ഒരു വർഷത്തോളമായി വിശാഖപട്ടണത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ആർപ്പൂക്കര മുടിയൂർക്കര തേക്കിൻ പറന്പിൽ ഷൈൻ ഷാജി (ഷൈമോൻ – 28) യേയാണ് വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ വർഷം ഒക്ടോബർ 16നായിരുന്നു സംഭവം. നഗരമധ്യത്തിൽ തിരുനക്കരയിൽ നിന്നും സിഎംഎസ് കോളജ് റോഡിൽ പ്രവർത്തിക്കുന്ന എക്സ്പ്രസ് ബീസ് എന്ന കൊറിയർ സ്ഥാപനത്തിലാണ് കുരുമുളക് സ്പ്രേ പ്രയോഗിച്ച ശേഷം കവർച്ച നടത്തിയത്.
ഗുണ്ടാ സംഘത്തലവനായ ആർപ്പൂക്കര കൊപ്രായിൽ ജെയ്സ് മോൻ ജേക്കബ്( അലോട്ടി – 25) ആണ് കവർച്ച പദ്ധതിയിട്ടത്. ഈ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു.
തിരുവാർപ്പ് കൈച്ചേരിൽ വീട്ടിൽ അഖിൽ ടി. ഗോപി (20), വേളൂർ കൊച്ചുപറന്പിൽ വീട്ടിൽ ബാദുഷ (20), ഷൈമോൻ എന്നിവർ ചേർന്നാണ് കവർച്ച നടത്തിയത്. ഷൈമോനാണ് കവർച്ചയ്ക്ക് ആസൂത്രണം നടത്തിയത്.
രണ്ടാഴ്ചയോളം നീണ്ടു നിന്ന ആസൂത്രണമാണ് പ്രതികൾ ഇതിനായി നടത്തിയത്.പ്രതികൾ സ്ഥിരമായി ഓണ്‍ലൈൻ ഷോപ്പിംങ് സൈറ്റുകൾ വഴി സാധനങ്ങൾ വാങ്ങിയിരുന്നു. വിദേശ നിർമ്മിത കത്തി, കുരുമുളക് സ്പ്രേ അടക്കമുള്ളവ ഓണ്‍ലൈനിൽ നിന്നും എക്സ്പ്രസ് ബീസ് വഴിയാണ് വാങ്ങിയിരുന്നത്.
ഇത്തരത്തിൽ സാധനങ്ങൾ വാങ്ങാൻ എത്തിയപ്പോഴാണ് വൻ തോതിൽ തുക ഇവിടെയുണ്ടെന്ന് അറിഞ്ഞ ഷൈമോൻ വിവരം ബാദുഷായ്ക്കും കൂട്ടാളികൾക്കും കൈമാറുകയായിരുന്നു.
ഗുണ്ടാ സംഘത്തലവൻ അലോട്ടിയുടെ നിർദേശം അനുസരിച്ചാണ് പ്രതികൾ ആക്രമണം നടത്തിയതും പണം കവർന്നതും. സംഭവത്തിന് ശേഷം രക്ഷപെട്ട ഷൈമോൻ ഒരു വർഷത്തോളമായി ആന്ധ്രപ്രദേശിലെ വിശാഖപട്ടണം, വാറങ്കൽ, ബംഗളൂരു എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ച് വരികയായിരുന്നു.
വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുണ്‍, എസ്ഐ ടി.ശ്രീജിത്ത്, ജൂനിയർ എസ്ഐ സുമേഷ്, പ്രൊബേഷൻ എസ്ഐ അഖിൽ ദേവ്, ഗ്രേഡ് എസ്ഐമാരായ കുര്യൻ മാത്യു, കെ.പി. മാത്യു, എഎസ്ഐ പി.എൻ. മനോജ്, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ ടി.ജെ. സജീവ്, സി.കെ. നവീൻ, കെ.ടി. അനസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
പ്രതിയ്ക്ക് ചിങ്ങവനം, ഈസ്റ്റ്, വെസ്റ്റ്, ഏറ്റുമാനൂർ, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിൽ ക്വട്ടേഷൻ സംഭവങ്ങളുമായി ബന്ധപ്പെട്ട് കേസുകൾ നിലവിലുണ്ട്.