ഹരിപ്പാട്: വിവാഹദിവസം സംഭാവനയായി കിട്ടിയ പണം മോഷ്ടിച്ച രണ്ട് പ്രതികളെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്. ആലപ്പുഴ കാഞ്ഞിരംചിറ കനാൽ വാർഡ് ബംഗ്ലാവ് പറന്പിൽ മുഹമ്മദ് ഷെരീഫ്, ആലപ്പുഴ മംഗലം പുതുവൽ ആന്റപ്പൻ എന്നിവരാണ് അറസ്റ്റിലായത്. ഒളിവിലുളള പ്രതി ആന്റപ്പന്റെ മകനാണ്.
1,61,000 രൂപയാണ് ഇവർ മോഷ്ടിച്ചെടുത്തത്. കഴിഞ്ഞ മാസം 22 ന് തൃക്കുന്നപ്പുഴ പള്ളിപ്പാട്ടു മുറി കാട്ടാശേരി പടീറ്റതിൽ കുഞ്ഞുമോന്റെ മകളുടെ വിവാഹം നടന്ന കുന്പളത്ത് ഓഡിറ്റോറിയത്തിൽ ആണ് സംഭവം നടന്നത്.പ്രതികൾ സംഭാവന നൽകുന്ന സ്ഥലത്തെത്തി ബുക്കിൽ എഴുതിക്കാനെന്ന മട്ടിൽ മേശയ്ക്ക് സമീപം നിന്ന് മോഷണം നടത്തുകയായിരുന്നു. വിവാഹശേഷം പണം എണ്ണി നോക്കിയപ്പോഴാണ് കുറവ് കണ്ടെത്തിയത്. തലേദിവസം വീട്ടിൽ സംഭാവനയായി കിട്ടിയ പണം ഒരു കവറിൽ മേശയിൽ വച്ചിരിക്കുകയായിരുന്നു. ഈ തുകയാണ് മോഷണം പോയത്.
ഓഡിറ്റോറിയത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് മോഷണം നടത്തുന്ന ദൃശ്യങ്ങൾ ലഭിച്ചത്. തൃക്കുന്നപ്പുഴ എസ്ഐ കെ.വി. ആനന്ദബാബു, എസ്ഐ പി.എ. മുഹമ്മദ് നിസാർ, എഎസ്ഐ ജയചന്ദ്രൻ, സിപിഓ മാരായ ആർ.പ്രേംജിത്ത്, കെ.ഇ. ഷാജഹാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.