
മങ്കൊമ്പ്: ആളില്ലാത്ത വീട്ടില്‍ മോഷണം നടത്തിയ കേസില്‍ അയല്‍വാസി പിടിയില്‍. മങ്കൊമ്പ് കളത്തില്‍ വിശ്വനാഥനെ (55) യാണ് പുളിങ്കുന്ന് പോലീസ് അറസ്റ്റു ചെയ്തത്. മങ്കൊമ്പ് ഗൗരിസദനത്തില് ആര്. രമേശിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ. തിങ്കളാഴ്ച വൈകുന്നേരം ഏഴോടെയാണ് മോഷണം നടന്നത്. സംഭവം നടന്ന ദിവസം രമേശനും കുടുംബവും ഉച്ചകഴിഞ്ഞ് ബന്ധുവീട്ടിലേക്ക് യാത്ര പോയിരുന്നു. രാത്രി ഒമ്പതോടെ തിരികെ വീട്ടിലെത്തിയപ്പോള്‍ അലമാര തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.
തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 50,000രൂപ നഷ്ടപ്പെട്ടതായി മനസിലായി. വീട്ടുടമ പുളിങ്കുന്ന് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടുമായി അടുത്ത് ഇടപെടുന്ന പ്രതിയെ സംശയം തോന്നുകയും അയല്‍വാസിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. സംഭവത്തെത്തുടര്‍ന്ന് വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മേല്‍ക്കൂരയുടെ ഓടിളക്കി വീടിനുള്ളില്‍ കയറിയാണ് മോഷണം നടത്തിയതെന്ന് പ്രതി സമ്മതിച്ചു. രാമങ്കരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.