അന്പലപ്പുഴ: ആളില്ലാത്ത വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും വീട്ടുപകരണങ്ങളും മോഷ്ടിച്ച മൂന്ന് പ്രതികളെ കോടതി നാല് വർഷം തടവിന് വിധിച്ചു.
2019 സെപ്റ്റന്പർ 13ന് അന്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് വടക്കേ നടയിലുള്ള മംഗലപ്പിള്ളി പുരുഷോത്തമ ദാസിന്റെ വീട്ടിൽ നിന്നുമാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും സുർണാഭരണങ്ങളും എൽഇഡി ടിവിയും പ്രതികൾ കവർന്നത്.
തുടർന്ന് അന്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രതികളായ അന്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം പൊക്കത്തിൽ പൊടിമോൻ (23), നീർക്കുന്നം പുതുവൽ അരുണ്‍ (20), നീർക്കുന്നം പുതുവൽ അജിത് (30) എന്നിവരെ പിടികൂടിുകയും ചെയ്തു. ഇവരെ പിന്നീട് അന്പലപ്പുഴ മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തിരുന്നു.
സമയബന്ധിതമായി അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ വിചാരണ പൂർത്തിയാക്കി കോടതി മൂന്ന് പ്രതികളേയും നാലു വർഷം തടവിന് വിധിച്ചു ഉത്തരവായി.
അന്പലപ്പുഴ സിഐ ടി. മനോജ് എസ്ഐ രാജ്കുമാർ, എസ്ഐ സജി, എഎസ്ഐ സജികുമാർ സിവിൽ പോലീസ് ഓഫീസർമാരായ കിഷോർ വിഷ്ണു, പ്രദീപ്, സുരാജ്, വിനു, ജിതിൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.