കണ്ണൂർ: കോവിഡ് കാലത്ത് ജനം പുറത്തിറങ്ങാതായപ്പോൾ പിടിച്ചുപറിയും പോക്കറ്റടിയും നിലച്ചതോടെ കടകൾ കുത്തിതുറന്ന് പണമുണ്ടാക്കാനുള്ള ശ്രമത്തിനിടയിലാണ് കണ്ണൂരിൽ മൂന്നംഗകവർച്ചാസംഘം പിടിയിലാകുന്നത്.
നഗരമധ്യത്തിൽ മൂന്ന് സ്ഥലത്ത് കവർച്ച നടത്തിയ ആറംഗ സംഘം പണത്തിനൊപ്പം സാധനങ്ങളും മോഷ്ടിക്കുന്ന സംഘമാണെന്ന് പോലീസ്
പറഞ്ഞു. മോഷണത്തിനിടയിലാണ് ആറംഗ സംഘത്തിലെ മൂന്നുപേരെയും ടൗൺ പോലീസ് പിടികൂടിയത്.
ചിറക്കൽ സ്വദേശി കെ.പി.ജിതേഷ് (44), കാട്ടാമ്പള്ളി സ്വദേശി മനോജ് (41), ഉപ്പളയിലെ മുഹമ്മദ് ഷെരീഫ് (42) എന്നിവരാണ് അറസ്റ്റിലായത്. ഇവർ നിരവധി മോഷണക്കേസിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ആറംഗ സംഘത്തിലെ മൂന്നു പേർ ഓടി രക്ഷപ്പെട്ടു. അവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നഗരത്തിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണം വരികയും ആളുകൾ നഗരത്തിൽ എത്തുന്നത് കുറയുകയും ചെയ്തതോടെയാണ് ഇവരുടെ ‘സ്ഥിരംവരുമാനം ‘ നിലക്കുന്നത്. തുടർന്നാണ് സംഘം ചേർന്ന് കടകൾ കുത്തിതുറന്ന് മോഷണം നടത്താൻ തീരുമാനിച്ചത്.