പുനലൂർ: കാറുമായി കൂട്ടിയിടിച്ച പാഴ്സൽ ലോറിയുടെ ഡ്രൈവറെ ആക്രമിച്ച് മൊബൈലും സ്റ്റീരിയോ സിസ്റ്റവും മോഷ്ടിച്ച് കടത്തിയ സംഭവത്തിൽ കാർ യാത്രികരായ നാല് കരുനാഗപ്പള്ളി സ്വദേശികളെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു.
കരുനാഗപ്പള്ളി കുലശേഖരപുരം കാട്ടിൽകടവിൽ ആദിനാട് മാമ്പറ്റക്കാവ് ക്ഷേത്രത്തിന് സമീപം എസ്ജെ ഹൗസിൽ മുഹമ്മദ് സജിൻ(23), കരുനാഗപ്പള്ളി കല്ലേലിഭാഗം ഇടക്കുളങ്ങര ചാകര ജംഗ്ഷന് സമീപം
അയണിമൂട്ടിൽ വീട്ടിൽ അമൽരാജ്(31), കരുനാഗപ്പള്ളി കല്ലേലി ഭാഗം ഇടക്കുളങ്ങര എഫ്സിഐ ഗോഡൗണിന് സമീപം അമൽ നിവാസിൽ അമൽ സുരേഷ്(23), കരുനാഗപ്പള്ളി കല്ലേലിഭാഗം ബിന്ദു ഭവനിൽ വൈശാഖ് (23)എന്നിവരാണ് പിടിയിലായത്.
തെങ്കാശി, വികെ പുതൂർ കുലയ്യനേരി പിള്ളയാർ കോവിൽ സ്ട്രീറ്റിൽ പാണ്ടിദുര(33)യെ ആക്രമിച്ച് 17000- രൂപ വിലവരുന്ന മൊബൈൽ ഫോണും വാഹനത്തിലെ സ്റ്റിരിയോ സിസ്റ്റവും മോഷ്ടിച്ചു കടത്തിയ സംഭവത്തിലാണ് അറസ്റ്റ്.
യുവാക്കൾ സഞ്ചരിച്ച കാറും പാണ്ടിദുരെ ഓടിച്ച പാഴ്സൽ ലോറിയും തമ്മിൽ കൂട്ടിമുട്ടിയിരുന്നു. പുനലൂർ ചെമ്മന്തൂർ ജംഗഷനിലായിരുന്നു അപകടം.
അപകടത്തിൽ കാറിന് കേടുപാടുണ്ടായെന്ന് ആരോപിച്ച് സംഘം ഡ്രൈവറെ ആക്രമിച്ച് മൊബൈൽ ഫോണും ലോറിക്കുള്ളിലെ സ്റ്റീരിയോ സിസ്റ്റവും മോഷ്ടിച്ച് കടത്തി സ്ഥലം വിടുകയായിരുന്നു.
പാണ്ടിദുരെയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പുനലൂർ സിഐ. ബിനു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റിന് നേതൃത്വം നൽകി.