തൃശൂർ: ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളെ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂർ ഇരിട്ടി പഴഞ്ചേരിമുക്ക് കരിന്പനക്കൽ വീട്ടിൽ രാജേഷ്(29) ആണ് പിടിയിലായത്.
തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വന്ന മാള സ്വദേശി അലിയുടെ ഭാര്യയുടെ കൈവശമുണ്ടായിരുന്ന 22000 രൂപയും രേഖകളും അടങ്ങിയ പഴ്സ് പ്രതി മോഷ്ടിക്കുകയായിരുന്നു. മകന്റെ ഓപ്പറേഷനുവേണ്ടി കരുതിവച്ച പണമായിരുന്നു.
പരാതിയെതുടർന്ന് പോലീസ് സ്ഥലത്തെ സിസിടിവി പരിശോധിച്ച് ആളെ തിരിച്ചറിഞ്ഞു. പ്രതിയുടെ ഫോട്ടോ ആശുപത്രിയിലെ സെക്യൂരിറ്റി ഉൾപ്പെടെയുള്ള ജീവനക്കാർക്ക് തിരിച്ചറിയുന്നതിനായി ഫോണിൽ അയച്ചുകൊടുത്തിരുന്നു.
കഴിഞ്ഞദിവസം വീണ്ട ും അടുത്ത മോഷണത്തിനായി ആശുപത്രിയിലെത്തിയ പ്രതിയെ കണ്ട് സംശയം തോന്നിയ അധികൃതർ ഈസ്റ്റ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
മൽപ്പിടിത്തത്തിലൂടെ കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തതിൽ, വിവിധ ജില്ലകളിൽ പ്രതിക്കെതിരെ സമാനമായ രീതിയിൽ ആശുപത്രി കേന്ദ്രീകരിച്ച് മോഷണം നടത്തിയതിന് പിടിക്കപ്പെട്ടിട്ടുള്ളതായി വ്യക്തമായി.
ജ്വല്ലറി കുത്തിത്തുറന്ന് മോഷണം നടത്തിയതിനും കഞ്ചാവ് വിൽക്കാൻ ശ്രമിച്ചതിനും പ്രതിക്കെതിരെ കേസുകളുണ്ട്. കൂടുതൽ അന്വേഷണം നടത്തിവരുന്നു.
ഈസ്റ്റ് പോലീസ് എസ്എച്ച്ഒ ഫിറോസ്, സബ് ഇൻസ്പെക്ടർമാരായ അൻഷാദ്, ഗീതുമോൾ, എഎസ്ഐ യൂസഫ്, ജയപാലൻ, സിപിഒ സജീവ്, കണ്ണൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.