ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം കോട്ടൂരിൽ വയോധികയുടെ രണ്ട് പവൻ മാല കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. പയ്യന്നൂർ അന്നൂരിലെ പുതിയപുരയിൽ ലിജീഷി (30) നെയാണ് ശ്രീകണ്ഠപുരം ഇൻസ്പെക്ടർ ഇ.പി. സുരേശൻ, പ്രിൻസിപ്പൽ എസ്ഐ സുബീഷ്മോൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്.
കേസിലെ കൂട്ടുപ്രതി ചന്തേര പൊയോങ്കര സ്വദേശി രാമചന്ദ്രനെ മാല മോഷണ കേസിൽ മട്ടന്നൂർ പോലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ പിന്നീട് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തും.കഴിഞ്ഞ 17 നാണ് കോട്ടൂരിലെ കൂടത്തിൽ മാധവിയമ്മയുടെ സ്വർണമാല സ്കൂട്ടറിലെത്തിയ ഇവർ കവർന്നത്.
വീടിന് സമീപത്തെ ബന്ധുവീട്ടിലേക്ക് റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന മാധവിയമ്മയുടെ മാല കവർന്ന ഇരുവരും തുടർന്ന് രക്ഷപ്പെടുകയായിരുന്നു. മോഷണത്തിന് ശേഷം ശ്രീകണ്ഠപുരം ടൗണിലെത്തിയ ഇരുവരും കൂട്ടുംമുഖം, ചേപ്പറമ്പ്, ഏരുവേശി, ചെമ്പേരി, പുറഞ്ഞാൺ എന്നിവിടങ്ങളിലെത്തി.
ഇവിടുന്ന് ചെമ്പന്തൊട്ടി, വളക്കൈ വഴി തളിപ്പറമ്പിലെത്തിയ ശേഷം പയ്യന്നൂരിലേക്ക് പോവുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാനാണ് ഇത്തരത്തിൽ കിലോമീറ്ററുകൾ ചുറ്റി ഉൾ റോഡുകളിലൂടെയും മറ്റും യാത്ര ചെയ്തതെന്ന് ലിജീഷ് പോലീസിനോട് പറഞ്ഞു.
തളിപ്പറമ്പിൽ നിന്ന് പയ്യന്നൂരിലെത്തിയ ശേഷം രാമചന്ദ്രൻ സ്കൂട്ടറിൽ നിന്നിറങ്ങി ചന്തേരയിലേക്ക് പോയി. ലിജീഷ് പഴയങ്ങാടി ഭാഗത്തേക്ക് പോവുകയും ചെയ്തു. പഴയങ്ങാടി കെഎസ്ടിപി റോഡിലെ സിസിടിവി യിൽ നിന്നാണ് പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചത്.
കഴിഞ്ഞ 23 ന് മട്ടന്നൂരിൽ വച്ചും പ്രതികൾ മാല കവർന്നിരുന്നു. 26 ന് ചൊക്ലി പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ചും മാല കവർന്നിരുന്നതായി ഇവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. മോഷണം നടത്തിയ മാലകൾ പയ്യന്നൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ചതായി ലിജീഷ് പോലീസിനോട് പറഞ്ഞു.
പ്രതിയെ ഇന്ന് ഉച്ചകഴിഞ്ഞ് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും. എസ്ഐ എ.വി. ചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സജീവൻ, സിവിൽ പോലീസ് ഓഫീസർ രജീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.