പുതുക്കാട്: കുറുമാലിയിൽ ഹോട്ടൽ കുത്തിത്തുറന്നു രണ്ടുലക്ഷത്തിലധികം രൂപയും സ്കൂട്ടറും മൊബൈൽ ഫോണുകളും മോഷ്ടിച്ച സംഭവത്തിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം താനൂർ തോണിപ്പറന്പിൽ വീട്ടിൽ ഷിഹാബ് ( റഫീഖ് , 31), കോഴിക്കോട് സ്വദേശികളായ കല്ലായി പന്നിയങ്കര എൻവി വീട്ടിൽ അജ്മൽ ( 21), പാറച്ചിലിൽ അജിത് വർഗീസ് ( 20), മുതുവല്ലൂർ പാറക്കുളങ്ങര വീട്ടിൽ ജിൽഷാദ് ( 28) എന്നിവരാണു പിടിയിലായത്.
ഒക്ടോബർ 23നാണു കേസിനാസ്പദമായ സംഭവം. ഹോട്ടലിന്റെ ഗ്ലാസ് തകർത്ത് അകത്തു കയറി മോഷ്ടാക്കൾ മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണവും മൊബൈൽ ഫോണുകളും ഹോട്ടലിനു മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറും മോഷ്ടിച്ചു കടക്കുകയായിരുന്നു.
മലമുകളിൽ ഒളിവിൽ കഴിയുന്നതിനിടെയാണു പ്രതികൾ പിടിയിലായത്. പുതുക്കാട് സിഐ ടി.എൻ. ഉണ്ണികൃഷ്ണൻ, എസ്ഐ സിദ്ധിഖ് അബ്ദുൾ ഖാദർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു പ്രതികളെ പിടികൂടിയത്.