കടുത്തുരുത്തി: ബന്ധുവിന്റെ വീട്ടിൽ നിന്നും സ്വർണാഭരണം മോഷ്ടിച്ച കൗമാരക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോതനല്ലൂർ ചാമക്കാലായിലാണ് സംഭവം. പ്രതിയുടെ മാതൃസഹോദരിയുടെ വീട്ടിലാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. 22 നാണ് സംഭവം നടന്നത്. വീട്ടുകാർ ഏറ്റുമാനൂർ ക്ഷേത്രത്തിൽ ഉത്സവത്തിന് പോയ സമയത്താണ് മോഷണം നടത്തിയത്.
വീട്ടുകാർ വീട് പൂട്ടി താക്കോൽ വച്ചിട്ട് പോവുകയായിരുന്നു. താക്കോൽ വയ്ക്കുന്ന സ്ഥലം അറിയാമായിരുന്ന പ്രതി ഇതെടുത്തു വാതിൽ തുറന്ന് അലമാരയിൽ ഇരുന്ന മൂന്നര പവന്റെ സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. മോഷ്ടിച്ച സ്വർണാഭരണങ്ങൾ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ സുഹൃത്തിന്റെ സഹായത്തോടെ ഒന്‍പതിനായിരം രൂപയ്ക്കു പണയപ്പെടുത്തി. സ്വർണം പോലീസ് കണ്ടെടുത്തു.
പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നു പോലീസ് അറിയിച്ചു. മുന്‍പും പ്രതി മാല മോഷണം നടത്തിയിരുന്നെന്നും അന്ന് പകരം സ്വർണം വാങ്ങി നൽകിയാണ് പ്രശ്നം പരാതിയില്ലാതെ പരിഹരിച്ചതെന്നും പോലീസ് പറയുന്നു. പിടിയിലായ പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.