കോട്ടയം: ഇറഞ്ഞാൽ ദേവീക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് മോഷണം നടത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പ്രതിയടക്കം അഞ്ചുപേരെ പോലീസ് പിടികൂടിയതിനു പിന്നിൽ മറ്റൊരു മോഷണ ശ്രമം.
കഴിഞ്ഞ ദിവസം പൊൻപള്ളി പള്ളിയിൽ കവർച്ചക്കിടെ രണ്ടു പ്രതികളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചിരുന്നു. ഇവരെ ചൊദ്യം ചെയ്തതോടെയാണ് ഇറഞ്ഞാൽ ക്ഷേത്ര മോഷണം സംബന്ധിച്ച വിവരം ലഭിച്ചത്.
നിരവധി കവർച്ചക്കേസുകളിലെ പ്രതികളാണ് പിടിയിലായവർ. മണർകാട് കുറ്റിയക്കുന്ന് അന്പലത്തറയിൽ ബിമൽ മണി (23), മണർകാട് കുറ്റിയക്കുന്ന് തകിടിയിൽ സുധീഷ്മോൻ രാജു (21), മണർകാട് പറന്പുകരകോളനി പള്ളിപ്പറന്പിൽ ജിബുമോൻ പി. പീറ്റർ (22), അയർക്കുന്നം അമയന്നൂർ വരകുമല തേവർ വടക്കേതിൽ ശരത് ശശി (23) എന്നിവരെയും പ്രായപൂർത്തിയാകാത്ത ഒരാളെയുമാണ് ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ യു. ശ്രീജിത്ത്, എസ്ഐ അനുരാജ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പിടിയിലായവരെല്ലാം നിരവധി മോഷണ കവർച്ചാ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.ഒരുമാസം മുന്പായിരുന്നു ഇറഞ്ഞാൽ ക്ഷേത്രത്തിൽ ഭണ്ഡാരകുറ്റകൾ തകർത്ത് മോഷണം നടത്തിയത്. മോഷ്ടിച്ചെടുക്കുന്ന ബൈക്കുകളിൽ കറങ്ങി നടന്നാണ് സംഘം മോഷണം നടത്തുന്നത്.
വിവിധ സ്റ്റേഷനുകളിലായി പിടിയിലായവർക്കെതിരെ ബൈക്ക് മോഷണ കേസുകളുൾപ്പടെ നിലവിലുണ്ട്. പ്രായപൂർത്തിയാകാത്തയാളും ഇവർക്കൊപ്പം നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ ഹോമിലേയ്ക്ക് മാറ്റി.