പേരൂർക്കട: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് മാല കവർന്ന പ്രതിയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സിറ്റിയിലും റൂറലിലും നിരവധി കവർച്ച, അക്രമം, കൊലപാതകശ്രമം, പിടിച്ചുപറി കേസിലെ പ്രതിയായ മലയിൻകീഴ് തച്ചോട്ടുകാവ് മൂഴിനട ധനുഷ് വീട്ടിൽ വിന്ധ്യൻ (ധനുഷ്-37) നെയാണ് തിരുവനന്തപുരം സിറ്റി സ്പെഷൽ ആക്ഷൻ ഗ്രൂപ്പ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീമിന്റെ സഹായത്തോടെ വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റു ചെയ്തത്.
വട്ടിയൂർക്കാവ് സ്റ്റേഷൻ പരിധിയിൽ മിത്രാ നഗർ ജംഗ്ഷന് സമീപം കടയിൽ നിന്നും സാധനം വാങ്ങിക്കാനായി വൈകുന്നേരം കാറിൽ വന്നിറങ്ങിയ വട്ടിയൂർക്കാവ് സ്വദേശി അഗോഷ് ബാബുവിനെ വെട്ടി പരിക്കേൽപ്പിച്ച് കഴുത്തിൽ കിടന്ന സ്വർണ്ണമാല പിടിച്ചു പറിച്ചതുമായി ബന്ധപ്പെട്ട് കേസിലാണ് ഇയാൾ ഇപ്പോള്‍ അറസ്റ്റിലായത്.
കവര്‍ച്ച, പിടിച്ചുപറി, കൊലപാതശ്രമം, ബൈക്ക് മോഷണം എന്നിവ ഉള്‍പ്പെടെ അന്‍പതോളം ക്രിമിനൽ പ്രതിയാണ് ഇയാള്‍.
ദീർഘകാലമായി ബംഗളൂരുവില്‍ താമസമാക്കിയിരുന്ന ഇയാൾ ഒരു വർഷം മുൻപ് തിരികെയെത്തി വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെടുകയായിരുന്നു.
അടുത്ത കാലത്ത് നെയ്യാർ ഡാം സ്റ്റേഷൻ പരിധിയിലെ ഒരു പിടിച്ചു പറിക്കേസുമായി ബന്ധപ്പെട്ട് ജയിലിലായി ജാമ്യത്തിലിറങ്ങിയ ശേഷം നടത്തിയ മാലപിടിച്ചുപറി കേസിലാണ് ഇയാൾ ഇപ്പോൾ പിടിയിലായത്.
മ്യൂസിയം, മെഡിക്കൽ കോളേജ്, പേട്ട, പൂന്തുറ, വഞ്ചിയൂർ, ഫോർട്ട്, മലയിൻകീഴ്, മാറനല്ലൂർ, ബാലരാമപുരം, മംഗലപുരം തുടങ്ങിയ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ വിന്ധ്യന്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റിനു നേതൃത്വം നൽകി.