കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ടശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പ് ആല്ബിൻ ആന്റണി (29) എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്. കോട്ടയം പാലായിലെ പള്ളിവികാരിയായ വൈദികന്റെ പരാതിയിലാണ് നടപടി. കഴിഞ്ഞ 23-ന് എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപമുള്ള ലോഡ്ജിലായിരുന്നു സംഭവം.
സ്വകാര്യ ആവശ്യത്തിന് എറണാകുളത്ത് എത്തിയതായിരുന്നു വൈദികന്. തിരിച്ച് കോട്ടയത്തേയ്ക്ക് പോകാന്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് പോകുന്നതിനിടെ ബാത്ത് റൂം ഉപയോഗിക്കാനായി ലോഡ്ജില്‍ മുറിയെടുത്തു. മുറിയിലിരിക്കെ കതക് തള്ളിത്തുറന്ന് അകത്തുകടന്ന പ്രതി, കഴുത്തില്‍ കത്തിവച്ച് 40,000 രൂപയും ആപ്പിള്‍ ഐഫോണും ആപ്പിളിന്റെ തന്നെ സ്മാര്‍ട്ട് വാച്ചും കൈക്കലാക്കി. മോഷ്ടിച്ച സാധനങ്ങളുമായി പ്രതി സ്ഥലം വിട്ടതോടെ വൈദികന് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തി പരാതി നല്കി.
അന്വേഷണത്തില്‍ ആല്‍വി ഇതേ ലോഡ്ജില്‍ മുറിയെടുത്തിരുന്നതായി കണ്ടെത്തി. ലോഡ്ജില്‍ നല്കിയ തിരിച്ചറിയല്‍ രേഖയില്‍നിന്ന് ആല്‍വിയുടെ സിമ്മുകളുടെ നമ്പറെടുത്തു. എന്നാല്‍ മൊബൈല്‍ സ്വിച്ച് ഓഫായിരുന്നതിനാല്‍ തുടക്കത്തില്‍ അന്വേഷണത്തിന് ബുദ്ധിമുട്ടുണ്ടായി.
വികാരിയില്‍നിന്ന് കൈക്കലാക്കിയ ഫോണില്‍ ഇന്നലെ സിമ്മിട്ടതോടെ പോലീസിന് വിവരം ലഭിക്കുകയും ടവര്‍ ലൊക്കേഷന്‍ വഴി പ്രതിയെ കണ്ടെത്തുകയായിരുന്നു. എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ യു. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഹൈക്കോടതി പരിസരത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ താമസിച്ച് പിടിച്ചുപറിയും മോഷണവും നടത്തി ജീവിക്കുന്ന ആളാണ് പ്രതി. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് സെന്‍ട്രല്‍ പോലീസ് ഇയാള്‍ക്കെതിരേ നേരത്തെ കേസ് എടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.