സ്വന്തം ലേഖകന്‍
കോഴിക്കോട്: ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കവര്‍ച്ച നടത്തുന്ന അഞ്ചംഗസംഘം പിടിയിലായതോടെ നിരവധികേസുകള്ക്ക് തുമ്പാകും. മാനാഞ്ചിറ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച് സ്വവര്‍ഗരതിക്കായി ആളുകളെ വിളിച്ചുവരുത്തയാണ് പണം കവരുന്നത്. കോട്ടപറമ്പിനു സമീപത്തെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് സ്ഥിരമായി ഇത്തരത്തില്‍ കവര്‍ച്ച നടത്താറുണ്ടെന്ന് പോലീസിന് വ്യക്തമായി. തിരൂര്‍ സ്വദേശി ഷെഫീഖാണ് ആളുകളെ പ്രലോഭിപ്പിച്ച് കെണിയില്‍ വീഴ്ത്തുന്നത്.
കോഴിക്കോട്, വഴിക്കടവ്, താനൂര്‍ , കുറ്റിപ്പുറം എന്നിവിടങ്ങളില്‍ നിന്നെല്ലാം സമാനമായ രീതിയില്‍ കവര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പ്രതികള്‍ മൊഴി നല്കി. നിരവധിപേര്‍ ഇവരുടെ വലയില്‍ കുരുങ്ങിയിട്ടുണ്ട്. നിരവധിപേരെ ഹോട്ടല്‍ റൂമില്‍ വിളിച്ചു വരുത്തുകയും പിന്നീട് സദാചാര ഗുണ്ടകളായി എത്തി ഭീഷണിപ്പെടുത്തി പണം വാങ്ങാറുണ്ടെന്നും പോലീസ് പറഞ്ഞു. പലരും മാനഹാനി ഭയന്നാണ് പരാതി നല്‍കാത്തത്.
മലപ്പുറം സ്വദേശികളായ തിരൂര്‍ വാണിയന്നൂര്‍ അമ്പയത്ത് വീട്ടില്‍ ഷെഫീഖ് (19) , തിരൂര്‍ താനാലൂര്‍ നീലിയാട്ട് ജലീല്‍ (22), തിരൂര്‍ കൂട്ടായി പാടത്ത് പീടിയേക്കല്‍ അനസ്(20), വി.പി.അങ്ങാടി പാറക്കല്‍ ഷമീര്‍ (27), താനൂര്‍ ഒട്ടുംപുറം കുട്ടൂസന്റെ പുരയ്ക്കല്‍ മുഹമ്മദ് മുക്താര്‍ (30) എന്നിവരെയാണ് ഇന്നലെ കസബ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് എട്ടരയോടെ കോട്ടപ്പറമ്പ് ആശുപത്രിയ്ക്ക് മുന്നിലാണ് കേസിനാസ്പദമായ സംഭവം. വഴിക്കടവ് സ്വദേശിയായ അബ്ദുള്‍ മജീദിനെയാണ് ആക്രമിച്ച് പഴ്സും 25,000 രൂപയും കവര്‍ന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടു.
അബ്ദുള്‍ മജിദിന്റെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് കസബ എസ്ഐ വി.സിജിത്തും സംഘവും നടത്തിയ അന്വേഷണത്തിനൊടുവില്‍ നാലു മണിക്കൂറുകൊണ്ടാണ് പ്രതികളെ കോട്ടക്കലില്‍ നിന്നും പിടികൂടിയത്. ടൂവീലര്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന അബ്ദുള്‍ മജിദ് പഴയ സാധനങ്ങള്‍ വില്‍ക്കാനായാണ് ശനിയാഴ്ച കോഴിക്കോട് എത്തിയത്.
സാധനങ്ങള്‍ വിറ്റശേഷം മാനാഞ്ചിറയില്‍ ഇരിക്കുന്ന സമയത്താണ് ഷെഫീഖ് പരിചയപ്പെടാനായി എത്തിയത്. സൗഹൃദ സംഭാഷണത്തിനിടെ ഹോട്ടലില്‍ മുറിയെടുത്തിട്ടുണ്ടെന്നും അവിടെ വിശ്രമിച്ച ശേഷം നാട്ടിലേക്ക് പോകാമെന്നും പറഞ്ഞ് മജീദിനെ എട്ടരയോടെ മാനാഞ്ചിറയില്‍ നിന്നും കൂട്ടികൊണ്ടുപോയി.
കോട്ടപ്പറമ്പ് ആശുപത്രിയ്ക്ക് മുന്നിലുള്ള ഇടവഴിയിലൂടെ പോവുന്നതിനിടെ മറ്റു നാലുപേര്‍ കൂടി എത്തി ആക്രമിക്കുകയായിരുന്നു. ആക്രമിച്ചശേഷം മജീദിന്റെ കൈവശമുണ്ടായിരുന്നു പഴ്സും പണവും കൈക്കലാക്കി. അതിനിടെ ശബ്ദംകേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.
സംഭവം നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയും മജീദ് കസബ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അബ്ദുള്‍മജീദിന്റെ കൈവശമുണ്ടായിരുന്ന ഒരു നമ്പര്‍ ഉപയോഗിച്ച് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ കോട്ടക്കലില്‍ ഒരു ഹോട്ടലില്‍ താമസിക്കുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് എസ്ഐയും സംഘവും കോട്ടക്കല്‍ പോലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു.