പാലക്കാട്: ആഡംബര ബൈക്കുകൾ മോഷ്ടിക്കുകയും അതുപയോഗിച്ച് മാലപ്പൊട്ടിച്ചു വന്നിരുന്ന അന്തർസംസ്ഥാന മോഷണ സംഘത്തിലെ രണ്ടു പേരെ പാലക്കാട് ടൗണ്‍ നോർത്ത് പോലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട്, കോയന്പത്തൂർ, പോത്തനൂർ, കുറിച്ചിപ്പിരിവ് സ്വദേശി റൗഫ് എന്ന മുടിയൻ റൗഫ് (25), കുനിയന്പത്തൂർ സ്വദേശി റസൂൽ എന്നിവരെയാണ് പോലീസ് വലയിലാക്കിയത്.
ഞായറാഴ്ച വൈകുന്നേരം ആഡംബര ബൈക്കിൽ വീണ്ടും പാലക്കാട് ഭാഗത്ത് മാല പൊട്ടിക്കാൻ എത്തിയതായിരുന്നു മോഷ്ടാക്കൾ. രണ്ടാഴ്ച മുൻപ് പുതുശ്ശേരിയിൽ രാവിലെ ബസ് കാത്തുനിന്ന വീട്ടമ്മയുടെ അഞ്ചു പവൻ മാല ഇവർ കവർന്നിരുന്നു. അന്നു നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച ബൈക്കും, ഫോട്ടോയും സി.സി ടിവി കാമറയിൽ നിന്നും ലഭിച്ചിരുന്നു. അതുപയോഗിച്ച് അന്വേഷിച്ച് വരവേയാണ് പ്രതികളെ ഇന്നലെ പാലക്കാട്-കോഴിക്കോട് ബൈപ്പാസ് റോഡിൽ വെച്ച് പിടികൂടാനായത്.
സമീപകാലത്തായി പാലക്കാട-് കോയന്പത്തൂർ ദേശീയപാത കേന്ദ്രീകരിച്ച് നടന്നു വന്ന മാലമോഷണ സംഭവങ്ങൾ അന്വേഷിക്കുന്നതിനായി ജില്ലാ പോലീസ് മേധാവി ശിവ വിക്രമിന്റെ നിർദ്ദേശപ്രകാരം പാലക്കാട് ഡിവൈ എസ്പി സാജു കെ. എബ്രഹാമിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക പോലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്. പ്രതികളെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിൽ നിന്നും അഞ്ചോളം മാല മോഷണ കേസ്സുകൾക്കും, മൂന്ന് ബൈക്ക് മോഷണ കേസ്സുകൾക്കും തുന്പായി.
വെസ്റ്റ് യാക്കര, തങ്കം പോസ്പിറ്റൽ റോഡിൽ വസന്തകുമാരിയുടെ 3 പവൻ തൂക്കം വരുന്ന സ്വർണ്ണ മാല, പുതുശേരി കുരുടിക്കാട് സ്വദേശിനി ഗീതയുടെ മൂന്നരപ്പവൻ തൂക്കം വരുന്ന മാല, കഞ്ചിക്കോട് ചടയൻ കാലായ് സ്വദേശിനി ദിവ്യപ്രിയയുടെ അഞ്ചരപ്പവൻ തൂക്കം വരുന്ന മാല കവർന്നതും, പുതുശ്ശേരി നെല്ലിക്കാട് സ്വദേശിനി ഷിനിലയുടെ അഞ്ചു പവൻ തൂക്കം വരുന്ന മാല, വാളയാർ പാന്പൻ പള്ളം സ്വദേശിനി ഗീതയുടെ 2 പവൻ തൂക്കം വരുന്ന മാല, വെസ്റ്റ് യാക്കര സ്വദേശി ശശിധരന്റെ യമഹ ബൈക്ക്, വെസ്റ്റ് യാക്കര സ്വദേശി കിരണ്‍ പ്രസാദിന്റെ എൻഫീൽഡ് ബുള്ളറ്റ്, കിണാശേരി സ്വദേശി കിരണിന്റെ യമഹ ബൈക്ക് എന്നിവയും മോഷ്ടിച്ചതും തങ്ങളാണെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു.
പ്രതികൾ മാല പൊട്ടിക്കാനെത്തിയ കെ ടി എം ഡ്യൂക്ക് ബൈക് കോയന്പത്തൂരിൽ നിന്നും മോഷ്ടിച്ചതാണെന്ന് തെളിഞ്ഞു. മോഷണമുതലുകൾ കോയന്പത്തൂരിലെ വിവിധ സ്വർണ്ണാഭരണശാലകളിൽ വിറ്റതായി പ്രതികൾ സമ്മതിച്ചു.