ആലപ്പുഴ: ഹോംസ്റ്റേയിൽ പൂട്ടിയിട്ട് വിദേശ വ്യവസായിയുടെ പണവും സർണവും കവർന്ന സംഭവത്തിലെ അഞ്ചംഗ സംഘത്തിലെ മൂന്നുപേരെ നോർത്ത് പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം വാടി സ്വദേശി സിബിയോണ്(30), ആലപ്പുഴ വഴിച്ചേരി സ്വദേശികളായ ജിജു(21), തോമസ്(34) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. വിദേശ വ്യവസായിയായ എറണാകുളം സ്വദേശി അബ്ദുൾവാഹിദ്(അനിൽ)ന്റെ പരാതിയെ തുടർന്നാണ് മൂന്നുപേർ കുടുങ്ങിയത്.
പിടിയിലായവർ സിബിയോണിന്റെ ഭാര്യയെകൊണ്ട് അനിലിനെ ഫോണിൽ വിളിച്ച് കുട്ടികളുടെ പഠനത്തിന് സഹായം അഭ്യർഥിച്ചു. സഹായവുമായി ആലപ്പുഴ വഴിച്ചേരിയിലെത്തിയ അനിലിനെ യുവതിയുടെ വീടു കാണിച്ചു കൊടുക്കാമെന്ന് പറഞ്ഞ് ജിജു ബൈക്കിൽ കയറ്റി ശവകോട്ടപ്പാലത്തിന്റെ സമീപം എത്തിച്ചു. ഇവടെ കാത്തുനിന്ന മറ്റുപ്രതികൾ ചേർന്ന് കാറിൽ കൊമ്മാടിയിലെ ഹോംസ്റ്റേയിൽ എത്തിച്ചു. തുടർന്ന് ഇവിടെ പൂട്ടിയിട്ട് ഇദ്ദേഹത്തിന്റെ 15പവൻ സ്വർണവും എടിഎമ്മിൽ നിന്ന് 10,000രൂപയും തട്ടിയെടുത്തു.
50ലക്ഷം രൂപ തന്നാൽ മാത്രമേ മോചിപ്പിക്കുകയുള്ളു എന്നും പ്രതികൾ അനിലിനോട് പറഞ്ഞു. രാത്രിയോടെ കാറിൽ കൊല്ലത്തേക്ക് സിബിയോണിന്റെ നേതൃത്വത്തിൽ കൊണ്ടുപോകുന്നതിനിടെ നീണ്ടകരയിൽ എത്തിയപ്പോൾ സംഘം കാർ നിർത്തി അടുത്തുള്ള കടയിലേക്കു പോയ സമയത്ത് അനിൽ കാറിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ബസിലാണ് നാട്ടിലെത്തിയത്.
ഞായറാഴ്ച ആലപ്പുഴയിൽ എത്തിയ അനിൽ നോർത്ത് പോലീസിൽ പരാതി നൽകി. സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ജിജു, തോമസ് എന്നിവരെ രാത്രിയോടെ ആലപ്പുഴയിൽ നിന്നും സിബിയോണിനെ കൊല്ലത്തുനിന്നും അറസ്റ്റു ചെയ്തു. മറ്റ് രണ്ടുപേർ ഒളിവിലാണ്. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.