ഏന്തയാർ: കോലാഹലമേട് തങ്ങൾപാറയിലെ നേർച്ചക്കുറ്റി പൊളിച്ചുനീക്കി കടത്താനുളള ശ്രമം പരാജയപ്പെട്ടു. കോണ്ഗ്രസ് നേതാവിന്റെ ഭർത്താവടക്കം നാലുപേർ അറസ്റ്റിൽ. സിപിഎം പ്രാദേശിക നേതാവടക്കം നാലുപേർ ഒളിവിൽ.
കോലാഹലമേട് തങ്ങൾപാറയിൽ സ്ഥാപിച്ച നേർച്ചക്കുറ്റി പൊളിച്ചുനീക്കി കടത്തി കൊണ്ടുപോകുന്നതിനിടയിൽ ഏന്തയാർ ടൗണിന് സമീപം വച്ചു വിശ്വാസികൾ തടഞ്ഞതിനെ തുടർന്ന് സംഘർഷാവസ്ഥയുമുണ്ടായി.
സംഭവവുമായി ബന്ധപ്പെട്ട് ഏന്തയാർ പണിക്കവീട്ടിൽ ഉസ്മാൻ (63), സഹോദരങ്ങളായ പണിക്കവീട്ടിൽ സെയ്ദലവി (61), പണിക്കവീട്ടിൽ ഉമ്മർകുട്ടി (58) ഉസ്മാന്റെ മകളുടെ ഭർത്താവ് തൊടുപുഴ പല്ലാരിമംഗലം കല്ലുംപുറത്ത് ഗദ്ദാഫി (32) എന്നിവരെയാണ് മുണ്ടക്കയം സിഐ ഷിബുകുമാറിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവം സംബന്ധിച്ചു പോലീസ് പറയുന്നതിങ്ങനെ: ഏന്തയാർ ബദരിയ്യ ജമാഅത്തിന്റെ കീഴിലാണ് കോലാഹലമേട് കബറിടവും പരിസരപ്രദേശവും. ഇവിടെ കൈവശഭൂമി സംബന്ധിച്ച് ജമാ അത്ത് കമ്മിറ്റിയും ഉസ്മാനും തമ്മിൽ ദീർഘകാലമായി തർക്കം നിലനിലനിൽക്കുകയാണ്. ഇതിനിടയിലാണ് അടുത്തിടെ നേർച്ചക്കുറ്റിസ്ഥാപിച്ചത് വിവാദമായത്.
ബുധനാഴ്ച പുലർച്ചെ ഉസ്മാന്റെ നേതൃത്വത്തിലെത്തിയ സംഘം കുറ്റി പൊളിച്ചു നീക്കി വാഹനത്തിൽ കയറ്റി കിലോമീറ്ററുകൾ അകലെ ഏന്തയാറ്റിൽ എത്തിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ജമാഅത്ത് പ്രവർത്തകർ വാഹനം ഉസ്മാന്റെ വീടിനു മുന്നിലെത്തി തടയുകയും പിക്കപ്പ് വാനിന്റെ ടയറിന്റെ കാറ്റഴിച്ചുവിടുകയുമായിരുന്നു.
കൂടുതൽ ആളുകൾ തടിച്ചുകൂടിയതോടെ മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി വാഹനവും നാലംഗസംഘത്തെയും കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ടു പ്രതികളായ സിപിഎം പ്രാദേശിക നേതാവടക്കം നാലുപേർക്കായി തെരച്ചിൽ ശക്തമാക്കിയതായി പോലീസ് അറിയിച്ചു. അറസ്റ്റിലായ നാലുപേരെയും ജാമ്യത്തിൽ വിട്ടയച്ചു.