തൃശൂർ: പതിനഞ്ച് ദിവസങ്ങൾക്കുള്ളിൽ വിവിധയിടങ്ങളിൽനിന്നും വിലയേറിയ ഏഴു ബൈക്കുകൾ മോഷ്ടിച്ച നാലംഗസംഘത്തെ ഷാഡോ പോലീസ് സംഘം പിടികൂടി. പുത്തൂർ നന്പ്യാർ റോഡ് സ്വദേശികളായ ആഷിക്(18), സാജൻ(19) എന്നിവരാണ് പിടിയിലായത്. മറ്റു രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്.തൃശൂർ, ഒല്ലൂർ, മണ്ണുത്തി, പുതുക്കാട്, പാലക്കാട് വടക്കഞ്ചേരി സ്റ്റേഷൻപരിധികളിൽനിന്നാണ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഇവർ ബൈക്കുകൾ മോഷ്ടിച്ചത്.
പുതുക്കാട് കഐസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്നും നടത്തറ മെർലിൻ ഗാർഡൻ ചിറ്റിലപ്പിള്ളി വീട്ടിൽ എബിൻ, വടക്കഞ്ചേരി വാൽക്കുളന്പ് മാളിയേക്കൽ വീട്ടിൽ അരുണ്, മണ്ണുത്തി ബൈപ്പാസിൽനിന്നും കുന്നംകുളം പാടൂർ വീട്ടിൽ യദുകൃഷ്ണ, ആലത്തൂർ ജംഗ്ഷനിൽനിന്നും തമിഴ്നാട് ചെട്ടിപ്പാളയം സ്വദേശി നവീൻ സെന്തിൽകുമാർ എന്നിവരുടെ പൾസൾ ബൈക്കുകളും, തൃശൂർ കഐസ്ആർടിസി പരിസരത്തുനിന്നും ഒല്ലൂക്കര സ്വദേശി ജോസഫിന്റെ യമഹ എഫ്സി ബൈക്കും, തൃശൂർ സ്വരാജ് റൗണ്ടിൽനിന്നും മുണ്ടൂർ സ്വദേശി വിപിന്റെ ഹോണ്ട സിബിആർ ബൈക്കുമാണ് പ്രതികൾ മോഷ്ടിച്ചത്.
വിപിന്റെ ബൈക്ക് യാത്രയ്ക്കിടെ ഓഫായതിനെ തുടർന്ന് നടത്തറയിൽ ഉപേക്ഷിച്ചു. മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ ഉണ്ടായ അപകടത്തെ തുടർന്ന് പുത്തൂർ പൗണ്ട് സ്വദേശി ഉണ്ണിച്ചെക്കൻ(68) ഇപ്പോഴും അബോധാവസ്ഥയിൽ ഐസിയുവിലാണ്.
ബൈക്കുകൾ സ്റ്റാർട്ട് ചെയ്യാൻ പ്രത്യേക രീതിയാണ് സ്വീകരിച്ചിരുന്നതെന്ന് ചോദ്യംചെയ്യലിൽ പ്രതികൾ പറഞ്ഞു. വയറുകൾ കട്ട്ചെയ്ത് സ്പാർക്കിംഗിനായി മൊട്ടുസൂചിയോ, സേഫ്ടിപിന്നോ ഉപയോഗിച്ച് കൂട്ടിക്കെട്ടിയാണ് ബൈക്കുകൾ സ്റ്റാർട്ട് ചെയ്തിരുന്നത്.
കുട്ടിക്കുറ്റവാളികൾക്കെതിരേ പ്രത്യേക കുറ്റപത്രം സമർപ്പിക്കും. സിറ്റി പോലീസ് കമ്മീഷണർ രാഹുൽ എസ്. നായരുടെ നിർദേശപ്രകാരം ഈസ്റ്റ് സിഐ കെ.സി. സേതു, എസ്ഐ എം.ജെ ജിജോ എന്നിവരുടെ നേതൃത്വത്തിൽ ഷാഡോ എസ്ഐ അൻസാർ, എഎസ്ഐമാരായ സുവൃതകുമാർ, പി.എം. റാഫി, സീനിയർ സിപിഒമാരായ ഗോപാലകൃഷ്ണൻ, പഴനിസ്വാമി, ജീവൻ, ലിഗേഷ്, വിപിൻദാസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.