ചെർപ്പുളശ്ശേരി: വീടിന്റെ ഓട് പൊളിച്ച് അകത്തു കയറി രണ്ടു പവൻ സ്വർണാഭരണങ്ങളും 5500 രൂപയും മോഷണം നടത്തിയ പ്രതിയെ പിടികൂടി.ഓങ്ങല്ലൂർ കൊണ്ടൂർക്കര കബീർ എന്ന അബ്ബാസിനെയാണ് (40) ചെർപ്പുളശേരി പോലീസ് അറസ്റ്റ് ചെയ്തത്.
കേസിനാസ്പദമായ സംഭവം ഈ മാസം 26ന് പുലർച്ചെയാണ് നടന്നത്. കുലുക്കല്ലൂർ മപ്പാട്ടുകര കൈപ്പൽതൊടി വീട്ടിൽ സൈനബയുടെ വീട്ടിലാണ് മോഷണം നടന്നത്.
സൈനബയും മകളും പേരക്കുട്ടിയും താമസിക്കുന്ന വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന പേരക്കുട്ടിയുടെ കഴുത്തിൽ നിന്നും ഒന്നേകാൽ പവൻ സ്വർണമാലയും, അലമാരയിൽ സൂക്ഷിച്ച മുക്കാൽ പവന്റെ സ്വർണ്ണ വളയുമാണ് മോഷണം നടന്നത്.
മോഷണം നടത്തിയശേഷം പ്രതി അടുക്കള വാതിലിലൂടെ പുറത്തേക്ക് പോവുകയായിരുന്നു. കാലത്ത് എഴുന്നേറ്റ് നോക്കിയ സമയമാണ് മോഷണവിവരം അറിയുന്നത്.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൈനബയുടെ മുൻ ഭർത്താവും കൂടിയായ മുഹമ്മദ് എന്ന അബ്ബാസാണ് പ്രതിയെന്നു തെളിഞ്ഞത്.
തുടർന്ന് ഓങ്ങല്ലൂരിലുള്ള വീട്ടിൽവച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയും മോഷണ മുതൽ കണ്ടെടുക്കുകയും ചെയ്തു.
പതിനഞ്ച് ദിവസം മുൻപാണ് അബ്ബാസും സൈനബയും നിയമപരമായി വിവാഹമോചനം നടത്തിയതെന്നു പോലീസ് പറഞ്ഞു.