കണ്ണൂർ: പട്ടാപ്പകൽ നഗരമധ്യത്തിൽ വഴി പറഞ്ഞുകൊടുത്തയാളുടെ അരലക്ഷം രൂപ കവർന്ന പിടിച്ചുപറിക്കാരൻ അറസ്റ്റിൽ. വർക്കല മുനിക്കുന്നിലെ അജിത്ത് ഭവനിലെ അജിത്തിനെ (36) യാണ് ടൗൺ എസ്ഐ ബാബുമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്ചെയ്തത്. കഴിഞ്ഞ 15ന് ഉച്ചയോടെയായിരുന്നു സംഭവം.
കളക്ടറേറ്റിനു മുന്നിൽ നിൽക്കുകയായിരുന്ന വാഹന ബ്രോക്കർ കൊറ്റാളിയിലെ പുനത്തിൽ പി.എം. അഷ്റഫിനോട് വഴി ചോദിക്കാനെന്ന വ്യാജേന അജിത്ത് എത്തുകയായിരുന്നു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലേക്കുള്ള വഴി ചോദിച്ചു. തിരിഞ്ഞുനിന്ന് വഴി കാണിക്കുന്നതിനിടയിൽ അഷ്റഫിന്റെ ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന 54,650 രൂപയടങ്ങിയ പഴ്സ് തട്ടിപ്പറിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.
തുടർന്ന് അഷ്റഫ് ടൗൺ പോലീസിൽ പരാതി നൽകി. ഇന്നലെ പരാതിക്കാരനായ അഷ്റഫിനെയും കൂടി ടൗൺ പോലീസ് പ്രതികൾക്കായി നഗരത്തിൽ തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിനകത്ത് ജീപ്പ് നിർത്തി പോലീസ് പരിസരം വീക്ഷിച്ചുകൊണ്ടിരിക്കെ പഴയ ബസ് സ്റ്റാൻഡിനകത്ത് കൂടെ നടന്നുപോവുകയായിരുന്ന മോഷ്ടാവ് അജിത്തിനെ അഷ്റഫ് തിരിച്ചറിയുകയായിരുന്നു.
ഉടൻ പോലീസ് പിന്തുടർന്ന് പിടിച്ചുപ്പറിക്കാരനായ അജിത്തിനെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.