സിനിമാക്കഥകളെ പോലും വെല്ലുന്ന രീതിയിലാണ് അവർ ആ കവർച്ച നടപ്പാക്കിയത്. 2019 മേയ് മാസം ഒൻപതാം തിയതി. സമയം അർധരാത്രി. എറണാകുളത്തെ ജ്വല്ലറിയിൽനിന്നും 20 കിലോവരുന്ന സ്വർണ ഉരുപ്പടികളുമായി ഒരു കാർ ആലുവ എടയാറിലെ സ്വർണ ശുദ്ധീകരണ ശാലയിലേക്കു വരുന്നു.
കാർ വ്യവസായ മേഖലയിലെ ഈ കമ്പനിയുടെ തൊട്ടടുത്ത് എത്തിക്കാണും. പെട്ടന്നാണ് ബൈക്കുകളിലെത്തിയ ഒരു സംഘം കാർ വളയുന്നത്. അവർ കാറിനു നേരേ പാഞ്ഞടുത്തു. കൈയിൽ കരുതിയിരുന്ന ഇരുന്പ് ദണ്ഡുകൾ ഉപയോഗിച്ച് വാഹനത്തിന്റെ ചില്ലുകൾ അടിച്ചു തകർത്തു.
തുടർന്നു കാറിലുണ്ടായിരുന്നവരുടെ നേരേ കുരുമുളകു സ്പ്രേ അടിച്ചു. പിന്നീട് ബാഗുകളിലായി സൂക്ഷിച്ചരുന്ന സ്വർണം തട്ടിയെടുത്ത് കവർച്ചാ സംഘം മിന്നൽ വേഗത്തിൽ സ്ഥലംവിട്ടു. കവർച്ചക്ക് ഇരയായവർ നൽകിയ വിവരം അറിയിച്ചതനുസരിച്ച് ബിനാനിപുരം പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
തുടർന്ന് കേസെടുത്ത പോലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. പോലീസിന് ലഭിച്ച കണക്കുകൾ അനുസരിച്ച് ഇരുപത് കിലോ സ്വർണമാണ് കവർച്ച ചെയ്തത്.
കവർച്ചക്കാരുടെ താവളം കൊടുംകാട്
കവർച്ചയ്ക്ക് ശേഷം സംഘം തമ്പടിച്ചിരുന്നത് മൂന്നാർ വനമേഖലകളിലാണെന്ന വിവരം പോലീസിന് ലഭിച്ചു. തുടർന്ന് കേസന്വേഷണത്തിന്റെ പ്രധാന ചുമതല അന്നത്തെ ആലുവ ഈസ്റ്റ് സിഐ എൻ.എസ്. സലീഷിനായിരുന്നു.
നേരത്തെ അഗളി സിഐയായിരിക്കുമ്പോൾ മാവോയിസ്റ്റുൾക്കെതിരേയുള്ള സ്ക്വാഡിലുണ്ടായിരുന്ന പ്രവൃത്തി പരിചയമാണ് സലീഷിനെ സംഘത്തലവനാക്കിയത്. അന്നത്തെ റൂറൽ എസ്പി രാഹുൽ ആർ. നായർ, ഡിവൈഎസ്പി കെ.കെ.വിദ്യാധരൻ, ബിനാനിപുരം എസ്ഐ അനൂപ് സി. നായർ എന്നിവരും അടങ്ങിയിരുന്നതായിരുന്നു അന്വേഷണ സംഘം.
കേസന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച വിബിൻ ജോർജ് പോലീസ് സംഘത്തിന്റെ പിടിയിലായി. പിന്നീടുള്ള അന്വേഷണം വിബിൻ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു. അടിമാലി, സൂര്യനെല്ലി, മാട്ടുപ്പെട്ടി, കുണ്ടള എന്നിവിടങ്ങളിൽ പോലീസ് സംഘം പ്രതികൾക്കായി പരിശോധന നടത്തി.
പോലീസെത്തുന്നതിന് തൊട്ട് മുമ്പേ തലനാരിഴക്ക് മാട്ടുപ്പെട്ടിയിലെ ഹോം സ്റ്റേയിൽനിന്നും പ്രതികൾ രക്ഷപ്പെട്ടു. പിന്നീട് അർധരാത്രിയോടെ തമിഴ്നാട് അതിർത്തിയായ വനമേഖലയിൽ തെരച്ചിൽ നടത്തുകയും പ്രധാന പ്രതികളായ നാല് പേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
കൊടും കാടിനുള്ളിൽ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിനുളളിലാണ് ഇവർ ഒളിച്ചിരുന്നത്. വിശപ്പകറ്റാൻ മ്ലാവിറച്ചിയും സ്വയരക്ഷക്കായി മാരകായുധങ്ങളും പ്രതികൾ സംഭരിച്ചിരുന്നു. പോലീസ് ഒളിത്താവളം വളഞ്ഞതറിഞ്ഞ് എയർ ഗൺ ഉപയോഗിച്ച് അവരെ നേരിട്ടെങ്കിലും രക്ഷപ്പെടാനാകാതെ കീഴടങ്ങുകയായിരുന്നു. ഇവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആളുകളായിരുന്നു.
മുരിക്കാശേരി സതീഷും സംഘവും
മുരിക്കാശേരി സ്വദേശി സതീഷ് സെബാസ്റ്റ്യൻ, തൊടുപുഴ സ്വദേശികളായ റാഷിദ്, സുനീഷ്, മൂവാറ്റുപുഴ സ്വദേശി നൗഷാദ് എന്നിവരാണ് പിടിയിലായത്. ആദ്യ ഘട്ടത്തിൽ മൊഴിമാറ്റി പറഞ്ഞ് പ്രതികൾ പോലീസിനെ വട്ടം കറക്കി. ഒടുവിൽ കുറ്റം സമ്മതിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമം 397, 395, 120 ബി അടക്കം വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കവർച്ച ചെയ്ത സ്വർണ ഉരുപ്പടികൾ തങ്ങൾ ഒളിവിൽ താമസിച്ച കൊടുകുമലയിലെ കെട്ടിടത്തിന് സമീപം കുഴിച്ചിട്ടിരിക്കുകയാണെന്ന് പറഞ്ഞ് പോലീസിനെ വീണ്ടും മൂന്നാർ മല കയറ്റി.
എന്നാലിത് കേസ് വഴിതിരിച്ച് വിടാനുള്ള പ്രതികളുടെ ഗൂഡലക്ഷ്യമാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.
പ്രതികളും ക്രിമിനൽ ഗ്യാങ്ങും
സ്വർണക്കവർച്ചയിൽ പ്രധാന പ്രതികളായി പിടികൂടിയവരുടെ കേസ് ഡയറികൾ പരിശോധിച്ച പോലീസും ഞെട്ടി. സംഘത്തലവൻ സതീഷ് ഒരു കൊലക്കേസിലെ പ്രതിയായിരുന്നു. കഞ്ചാവ് കടത്തുന്നത് എക്സൈസിന് ഒറ്റിക്കൊടുത്തയാളെ ഇയാളും പിതാവും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു എന്ന് പറയുന്നു.
സ്വർണക്കവർച്ച ലക്ഷ്യമിട്ട് സതീഷ് എടയാറിലെ കമ്പനിയിൽ ഡ്രൈവറായി ജോലിക്ക് കയറുകയും സംഭവം ആസുത്രണം ചെയ്യുകയുമായിരുന്നു. സഹായിയായ വിബിൻ പോലീസിന്റെ പിടിയിലായതാണ് സതീഷിന്റെ തന്ത്രങ്ങൾ പൊളിയുവാൻ കാരണം. സംഘത്തിലെ മറ്റ് രണ്ട് പേരും ക്രിമിനൽ പശ്ചാത്തലമുള്ളവരായിരുന്നു.
റാഷിദ്, സുനീഷ് എന്നിവരാണ് തട്ടിക്കൊണ്ടു പോകൽ കഞ്ചാവ് കടത്തൽ എന്നീ കേസുകളിൽ പ്രതികളായിരുന്നവർ.
കേസിന് പിന്നാലെ ക്രൈം ബ്രാഞ്ച്
പ്രധാന പ്രതികളെ പിടികൂടി കേസന്വേഷണം പുരോഗമിച്ചെങ്കിലും തൊണ്ടിമുതലും ദൃക്സാക്ഷികളുമില്ലാത്തത് പോലീസിനെ’ വലച്ചു. ഒടുവിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. സംഘാംഗങ്ങളാരും മൊബൈൽ ഫോണുപോലുമില്ലാതെ ആസുത്രിതമായി നടത്തിയ കവർച്ചയുടെ ചുരുളഴിക്കാൻ ക്രൈം ബ്രാഞ്ചും പാടുപെട്ടു.
ഒടുവിൽ കിട്ടിയ തുമ്പിന്റെ അടിസ്ഥനത്തിൽ നടത്തിയ അന്വേഷണത്തിൽ സ്വർണം വിൽക്കാൻ പ്രതികളെ സഹായിച്ച ബന്ധുക്കളടക്കമുള്ള മൂന്ന് പേരെ കുറിച്ച് വിവരം ലഭിച്ചു. തൊടുപുഴ സ്വദേശികളായ ജമാൽ, അജ്മൽ, ചങ്ങനാശേരി സ്വദേശി ദീപക്ക് ഇവരെയും അറസ്റ്റ് ചെയ്തു.
ഇവരിൽനിന്നും രണ്ട് കിലോയ്ക്കടുത്ത് സ്വർണം വില്പന നടത്തിയ ചങ്ങനാശേരിയിൽനിന്നും കണ്ടെടുക്കാനായത് ക്രൈംബ്രാഞ്ചിനാശ്വാസമായി. ഈ കേസിന്റെ അന്വേഷണം തുടരുമ്പോൾ പ്രതികളെല്ലാം ജാമ്യം നേടി പുറത്തിറങ്ങിയിരിക്കുകയാണ്.
എവിടെപ്പോയി ആ സ്വർണം
പ്രതികളെ നിരവധി തവണ ചോദ്യം ചെയ്തെങ്കിലും തൊണ്ടിമുതലായ സ്വർണം മാത്രം കണ്ടെടുക്കാൻ അന്വേഷണ സംഘങ്ങൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. തുടക്കത്തിൽ നടന്ന ചോദ്യം ചെയ്യലിൽ സ്വർണം കാട്ടിൽ കുഴിച്ചിട്ടിരിക്കുകയാണ് എന്നാണ് പ്രതികൾ പറഞ്ഞത്.
എന്നാൽ ഇവിടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് സ്വർണം എവിടെയാണെന്നുള്ള ചോദ്യത്തിന് പ്രതികൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. 20 കിലോ സ്വർണത്തിൽ ഏകദേശം രണ്ട് കിലോ മാത്രമാണ് ക്രൈം ബ്രാഞ്ചിന് കണ്ടെത്താനായത്.
ബാക്കിയുള്ളവ പ്രതികൾ വിറ്റോ അതോ മറ്റെവിടെയെങ്കിലും സൂക്ഷിച്ചിട്ടുണ്ടോ എന്നത് ഇപ്പോഴും അജ്ഞാതമായി തുടരുന്നു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി റെക്സ് ബോബിയുടെ നേതൃത്വത്തിൽ തൊണ്ടിമുതലിനായി ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ട്.