ഹരിപ്പാട്: തനിച്ചുതാമസിച്ചിരുന്ന വയോധികയുടെ സ്വർണം മോഷ്ടിച്ച പ്രതി പിടിയിൽ. വീയപുരം കല്ലേലിപ്പത്ത് കോളനിയിൽ അനി (53) ആണ് വിയപുരം പോലീസിന്റെ പിടിയിലായത്.
വീയപുരം പായിപ്പാട് ആറ്റുമാലിൽ സാറാമ്മ(76) യുടെ സ്വർണമാണ് മോഷണം പോയത്.ഒരു മാലയും നാലു വളയും ഉൾപ്പെടെ എട്ടുപവനോളം സ്വർണമാണ് നഷ്ടപ്പെട്ടത്. ബലപ്രയോഗത്തെത്തുടർന്ന് ശാരീരിക അസ്വസ്ഥത ഉണ്ടായ സാറാമ്മ പഞ്ചായത്തംഗത്തെ വിവരം അറിയിക്കുകയും പിന്നീട് പോലീസിൽ പരാതി നൽകുകയുമായിരുന്നു.
പ്രതി അനി തന്നെയാണോ എന്ന് സംശയം ഇവർ പ്രകടിപ്പിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. അനി വീട്ടിൽ തേങ്ങ ഇടാനും മറ്റുമായി വരുന്ന പതിവുണ്ടായിരുന്നു.
മോഷ്ടിച്ച സ്വർണം 3.15 ലക്ഷം രൂപയ്ക്ക് അനി പണയം വച്ചു. ഈ തുകയിൽ ഭൂരിഭാഗവും കടം വീട്ടാനായി വിനിയോഗിച്ചു. ബാക്കി തുക പോലീസ് കണ്ടെടുത്തത്. പണയം വച്ച് സ്വർണം ഇന്ന് വീണ്ടെടുക്കും.
എസ്ഐ പ്രദീപ്, ജിഎസ്ഐമാരായ ഹരി, രാജീവ്, സിപിഒ വിപിൻ, ഹോം ഗാർഡ് ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.