കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിൽ എത്തിയ ഭക്തയുടെ പഴ്സും മൊബൈൽ ഫോണും മോഷ്ടിച്ചയാൾ സ്ഥിരം മോഷ്്ടാവാണെന്ന് പോലീസ്. തിരുവനന്തപുരം നെയ്യാറ്റിൻകര മുല്ലക്കുളം മാങ്കൂട്ടത്തിൽ അനിൽകുമാറിനെയാ(45)ണ് വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ പേരിൽ തിരുവനന്തപുരം, നെയ്യാറ്റിൻകര തുടങ്ങിയ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രധാനമായും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇയാൾ മോഷണം നടത്തിയിരുന്നത്. കഴിഞ്ഞ രണ്ടിനായിരുന്നു തിരുനക്കര ക്ഷേത്രത്തിൽ മോഷണം നടന്നത്. ദർശനത്തിനെത്തിയ വീട്ടമ്മ ക്ഷേത്രത്തിനു മുന്നിൽ ബാഗ് വച്ച ശേഷം ഉള്ളിലേക്ക് കയറിയ സമയം അനിൽകുമാർ ബാഗുമായി കടക്കുകയായിരുന്നു.
ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇന്നലെ രാവിലെ അനിൽകുമാർ വീണ്ടും ക്ഷേത്രത്തിൽ എത്തി. തുടർന്ന് ക്ഷേത്രത്തിനുള്ളിലൂടെ കറങ്ങി നടന്നു.
ഈ സമയം സിസിടിവി കാമറ ദൃശ്യങ്ങളിലെ ആളുമായി അനിൽകുമാറിന് സാമ്യമുണ്ടെന്ന് പോലീസ് എയ്ഡ് പോസ്റ്റിൽ ഡ്യുട്ടിയിലുണ്ടായിരുന്ന സിപിഒ സാബു എ. സണ്ണിക്കു സംശയം തോന്നി. തുടർന്ന് അനിൽകുമാറിനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് മോഷണ വിവരം പുറത്തുവരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.