വിഴിഞ്ഞം: സ്പെയർ പാർട്സ് കടയുടെ പൂട്ട് പൊളിച്ച് അകത്തു കയറി ഒരു ലക്ഷം രൂപ വിലവരുന്ന പാർട്സുകളും കാഷ് ബോക്സിലുണ്ടായിരുന്ന 1500 രൂപയും കവർന്ന കേസിലെ പ്രതികളായ ദമ്പതികളിൽ ഭാര്യ വിഴിഞ്ഞം പോലീസിന്റെ പിടിയിലായി. ഒറ്റശേഖര മംഗലം വില്ലേജിൽ തകിടി പൂഴനാട് വിഷ്ണു ഭവനിൽ തിരുവല്ലം ഉണ്ണി എന്നു വിളിക്കുന്ന ഉണ്ണികൃഷ്ണന്റെ ഭാര്യ അനിത കുമാരി (33) ആണ് അറസ്റ്റിലായത്.
പൂങ്കുളം ഭാഗത്ത് കാറിൽ ഇവർ വന്നതായി ലഭിച്ച വിവരമനുസരിച്ചെത്തിയ പോലീസിനെ കണ്ട ഉണ്ണി ഓടി രക്ഷപ്പെട്ടതായി വിഴിഞ്ഞം പോലീസ് പറഞ്ഞു. കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞമാസം 18 ന് വിഴിഞ്ഞം സ്വദേശി സമീറിന്റെ തിയറ്റർ ജംഗ്ഷന് സമീപത്തെ സ്പെയർ പാർട്സ് കടയിൽ നിന്നാണ് ഉണ്ണി മോഷണം നടത്തിയത്.
മോഷണ മുതലുകൾ വില്പന നടത്തിയത് അനിതയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.അനിതയിൽ നിന്ന് 45000 രൂപയും മോഷണം പോയ പാർട്സുകളിൽ കുറച്ചും കണ്ടെടുത്തതായും പോലീസിനെ വെട്ടിച്ചു കടന്ന ഉണ്ണിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുള്ളതായും ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായും വിഴിഞ്ഞം പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ അനിതയെ റിമാൻഡ് ചെയ്തു.