മണ്ണാർക്കാട്: കോടതിപ്പടിയിൽ ജ്വല്ലറിയിൽ കവർച്ച നടത്തിയ പ്രതിയെ പിടികൂടി. തിരൂർ വെട്ടം സ്വദേശി ആഷിഖ് (39) നെയാണ് സി ഐ സജീവ്, എസ് ഐ അരുണ്‍ കുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ജൂണ്‍ 26 രാവിലെ പതിനൊന്ന് മണിക്ക് കോടതിപ്പടി ലൈല ജ്വല്ലറിയിലാണ് മോഷണം നടന്നത്. രണ്ട് ഗ്രാമിന്റെ മൂന്ന് മോതിരങ്ങളാണ് പ്രതി മോഷ്ടിച്ചത്.
തുടർന്ന് സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഉൗർജ്ജിതമാക്കി. തിരൂരിലെ പ്രതിയുടെ വീട്ടിൽ നിന്ന് ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് വിദഗ്ദമായ ആസൂത്രണത്തിലൂടെ പോലീസ് ഇയാളെ പിടികൂടിയത്. തുടർന്ന് പ്രതിയെ കവർച്ച നടത്തിയ ജ്വല്ലറിയിൽ തെളിവെടുപ്പിനായി കൊണ്ടുവന്നു. കടയിലെ ജീവനക്കാരി ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
മോഷണത്തിനായി സുഹൃത്ത് രാജേഷിന്റെ ഓട്ടോറിക്ഷയിലാണ് പ്രതി ആഷിഖ് തിരൂരിൽ നിന്ന് മണ്ണാർക്കാടെത്തിയത്. ജ്വല്ലറിയിലെ കവർച്ചക്ക് ശേഷം ചങ്ങലീരി ഭാഗത്തേക്ക് തിരിച്ചു നിർത്തിയ ഓട്ടോയിൽ രക്ഷപ്പെടുകയായിരുന്നു. മോഷണശ്രമങ്ങൾക്ക് കനത്ത താക്കീതാണ് സംഭവത്തിലൂടെ മണ്ണാർക്കാട് പോലീസ് നൽകുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇത്തരത്തിൽ ഏഴ് മോഷ്ടാക്കളെയാണ് പിടികൂടിയത്. ജില്ലയിൽ ഇത്രയും കളവ് തെളിയിച്ചത് ആദ്യമാണ്. കൂടുതൽ പ്രതികൾ പിടിയിലാകാനുണ്ടെന്ന് എസ്ഐ അറിയിച്ചു .