കായംകുളം: വീട്ടമ്മയുടെ തലയ്ക്കടിച്ച ശേഷം മാല കവർന്ന കേസിൽ പ്രതിയെ പോലീസ് പിടികൂടി. കരുനാഗപ്പള്ളി ആദിനാട് കൊച്ചാലുംമൂട് അന്തിയത്ത് വീട്ടിൽ ബാബു(55)വിനെ ആണ് കായംകുളം സിഐ കെ. സദനും സംഘവും പിടികൂടിയത്.
ഇയാൾ കായംകുളം പുതുപ്പള്ളി തെക്ക് ഇട്ടിയ്ക്കാത്തറ വടക്കതിൽ ധസുനില ഭവനം എന്ന വീട്ടിലാണ് ഇപ്പോൾ താമസമെന്ന് പോലീസ് പറഞ്ഞു. പുതുപ്പള്ളി തെക്ക് ചാലയിൽ തറ തെക്കതിൽ സുധാമണി (65)യെ തലക്കടിച്ച് പരിക്കേല്പിച്ച ശേഷം ഇവരുടെ കഴുത്തിലെ മാല അപഹരിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ഒന്നിന് വൈകുന്നേരം ഏഴിന് വിളക്കു കത്തിച്ച ശേഷം വീടിനകത്തേക്കു കയറുന്പോഴായിരുന്നു സംഭവം. ഒളിച്ചുനിന്ന പ്രതി ഇരുന്പുപാര കൊണ്ട് വീട്ടമ്മയുടെ തലയുടെ പിന്നിൽ ശക്തിയായി അടിച്ച ശേഷം കഴുത്തിലെ മാല പൊട്ടിക്കുകയായിരുന്നു.
മാലയുടെ രണ്ടു പവൻ വരുന്ന ഭാഗം മാത്രമേ പ്രതിക്കു കിട്ടിയിരുന്നുള്ളു. മക്കൾ വിദേശത്തായതിനാൽ സുധാമണി വിട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വീട്ടയമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമമെന്നും പോലിസ് പറഞ്ഞു. നിരവധി കവർച്ചാ സംഭവങ്ങളിൽ പിടിയിലായ ബാബുവിന്റെ പങ്ക് അന്വേഷിക്കുന്നതായും പോലിസ് വ്യക്തമാക്കി.
നേരത്തെ മകളുടെ വീട്ടിൽ നിന്നും ചെറുമകളുടെ സ്വർണവും പണവും അപഹരിച്ച കേസിലും കൃഷ്ണപുരത്തെ ഐസ് പ്ലാന്റിലെ അന്യസംസ്ഥാന തൊഴിലാളിയുടെ പണം അപഹരിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്ന വീട്ടിലും പരിസരത്തും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. സ്വർണം വിറ്റ കരുനാഗപ്പള്ളിയിലെ ജ്വല്ലറിയിൽ നിന്നും മാലയുടെ ഭാഗങ്ങൾ പോലീസ് കണ്ടെത്തി.
തലയ്ക്ക് മാരകമായി പരിക്കേറ്റ വീട്ടമ്മ ഇപ്പോഴും ചികിത്സയിലാണ്. ഒളിവിൽ കഴിഞ്ഞ പ്രതിയെ കൊല്ലം ബോട്ടുജെട്ടി ഭാഗത്തു നിന്നുമാണ് പോലീസ് പിടികൂടിയത്. കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. എസ്ഐമാരായ വിനോദ്, സാമുവൽ, എഎസ്ഐ വിനോദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.