പന്തളം: സാമ്പത്തികസഹായം ചോദിച്ചെത്തി വീട്ടിൽനിന്നും 1.5 ലക്ഷം കവർന്ന കേസിൽ യുവതി അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് പെരുമല പാറവിളാകത്ത് പുത്തൻവീട്ടിൽ ബിന്ദുവാണ് (36) പന്തളം പോലീസിന്റെ പിടിയിലായത്.
ഒന്നരമാസം മുമ്പ് മാന്തുകയിലെ ഒരു വീട്ടിൽനിന്നാണ് ബിന്ദു പണം മോഷ്ടിച്ചു കടന്നത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, യുവതിയുടെ അമ്മയുടെ നൂറനാട് പാറ്റൂർ തടത്തിൽ പറമ്പിൽ വീട്ടിൽ നിന്നും ഇന്നലെ വൈകുന്നേരം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മക്കളുമായി യുവതി മാന്തുകയിലെയും പരിസരങ്ങളിലെയും വീടുകളിലെത്തി, മകളുടെ പഠനാവശ്യത്തിനും ഭർത്താവിന്റെ ചികിത്സയ്ക്കെന്നും മറ്റും പറഞ്ഞു സാമ്പത്തിക സഹായം അഭ്യർഥിച്ചിരുന്നു. അങ്ങനെയാണ് പോസ്റ്റ് ഓഫീസ് ആർഡി ഏജന്റായി ജോലി നോക്കുന്ന വീട്ടമ്മയെയും സമീപിച്ചത്.
കളക്ഷൻ തുകയായ 1.5 ലക്ഷം രൂപയടങ്ങിയ ബാഗ് വീടിന്റെ സിറ്റൗട്ടിൽവച്ചിട്ട് ഇവർ വീട്ടിനുള്ളിൽ കയറിയ തക്കം നോക്കി യുവതി ബാഗ് കവർന്ന് രക്ഷപ്പെടുകയായിരുന്നു.
പല സ്ഥലങ്ങളിൽ മാറിമാറി വാടകയ്ക്കു താമസിച്ചുവന്ന ബിന്ദുവിനെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റും അന്വേഷണം വ്യാപകമാക്കിയതിനെത്തുടർന്നാണ് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്.