തൃപ്പുണിത്തുറ: വൃദ്ധയായ വീട്ടമ്മയുടെ സ്വർണാഭരങ്ങൾ തട്ടിയെടുത്ത വീട്ടുജോലിക്കാരിയെ തൃപ്പൂണിത്തുറ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൻകുരിശ് വടവുകോട് സ്വദേശി ബിന്ദു(38) ആണ് പോലീസിന്റെ പിടിയിലായത്. കരിങ്ങാച്ചിറ ഇല്ലിക്കൽ ബേബി വർഗീസിന്റെ ആറേകാൽ പവൻ തൂക്കം വരുന്ന മൂന്നു വളകളും ഒരു മാലയും അഴിച്ചെടുത്ത പ്രതി പകരം അതേ രീതിയിലുള്ള മുക്കുപണ്ടങ്ങൾ അണിയിക്കുകയായിരുന്നു.
ബേബി വർഗീസ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ആഭരണങ്ങളിൽ സംശയം തോന്നിയ മകൾ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പു വെളിപ്പെട്ടത്. തുടർന്ന് മകൾ പോലീസിൽ നൽകിയ പരാതിയിൽ ഹിൽ പാലസ് എസ്ഐ കെ.ആർ. ബിജു നടത്തിയ അന്വേഷണത്തിലാണ് ബിന്ദു പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.