ഉപ്പുതറ: ആളുകളില്ലാത്ത തക്കം നോക്കി വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന രണ്ടു പേരെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു.
ചീന്തലാർ കാറ്റാടിക്കവല നെല്ലിക്കൽ ബിനു തങ്ക, നാടാർപള്ളിക്കൽ സൈനേഷ് കാർത്തികേയൻ എന്നിവരെയാണ് ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ കുറേ നാളുകളായി തോട്ടം മേഖല കേന്ദ്രീകരിച്ച് മോഷണം നടത്തിവന്നവരെയാണ് ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തത്.
ആളുകൾ വീട്ടിലില്ലാതിരിക്കുന്ന സമയം നോക്കി ലയങ്ങളും വീടുകളും കുത്തിത്തുറന്ന് മോഷണം പതിവായിരുന്നു. സ്വർണം, വെള്ളി ആഭരണങ്ങൾ, വീട്ടിൽ സൂഷിച്ചിരുന്ന പണം .
വിലപിടിപ്പുള്ള പിച്ചളപ്പാത്രങ്ങൾ, ഗ്യാസ് കുറ്റികൾ, മറ്റ് സാധനങ്ങൾ എന്നിവയൊക്കെയാണ് സ്ഥിരമായി മോഷണം പോയിരുന്നത്.
സ്ഥിരമായി ലഭിച്ച മോഷണ പരാതിയെ തുടർന്ന് രഹസ്യമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.
ഉപ്പുതറയിൽവച്ചാണ് പ്രതികൾ പിടിയിലായത്. കഴിഞ്ഞ ദിവസം ചീന്തലാർ ലയത്തിൽനിന്നു മോഷ്ടിച്ച വെള്ളിയാഭരണങ്ങൾ ഉപ്പുതറയിലെ സ്വകാര്യ ജൂവലറിയിൽനിന്നും കണ്ടെടുത്തു.
കസ്റ്റഡിയിലായ ബിനു മുമ്പ് ഒരു കൊലക്കേസിലെ പ്രതിയും നിരവധി മോഷണക്കേസുകളിലെ പ്രതിയുമാണ്. സൈനേഷ് കാർത്തികേയൻ മുമ്പും പല വിധ കേസിലും പ്രതിയായിരുന്നു.
ഉപ്പുതറ സിഐ ഇ.ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.