കണ്ണൂർ: ചക്കരക്കല്ലിൽ ബൈക്ക് യാത്രികനെ ചവിട്ടിവീഴ്ത്തി ഒരു ലക്ഷം രൂപ കവർന്ന സംഭവവുമായി ബന്ധപ്പെട്ട് പിടിയിലാകാനുള്ള കൂത്തുപറന്പ് പാലാപറന്പിലെ രഞ്ജിത്തിനുവേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ചക്കരക്കൽ എസ്ഐ പി. ബിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത മൗവ്വഞ്ചേരി വണ്ട്യാലമുക്കിലെ എം.കെ. താജുദ്ദീൻ (27), പാലാപ്പറന്പ് ലക്ഷംവീട് കോളനിയിലെ കെ. സ്വരലാൽ (30), മാണിയൂരിലെ കെ.പി. പ്രജിൽ (23), കണയന്നൂരിലെ എം.സി. സന്ദീപ് (31), മൗവ്വഞ്ചേരിയിലെ പി.കെ. റിജേഷ് (33), കാപ്പാട് സ്വദേശി പ്രജിൻ എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ നാലിന് ഉച്ചയ്ക്കു 12.30ന് ചക്കരക്കല്ല്-വെള്ളച്ചാൽ റോഡിലായിരുന്നു സംഭവം. നാലുവയലിലെ എ.കെ. ഹൗസിലെ എ.കെ. റഫീഖി (50) നെയാണ് ആക്രമിച്ചു പണം കവർന്നത്. റഫീഖ് കെഎൽ 13 എഎച്ച് 6442 നന്പർ ബൈക്കിൽ സഞ്ചരിക്കുന്പോൾ രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗസംഘം റഫീഖിനെ ആക്രമിക്കുകയായിരുന്നു. മൂന്നുപേർ സഞ്ചരിച്ച ബൈക്കിൽ പിന്നിലിരുന്നയാൾ ബൈക്കിലെ സഞ്ചരിക്കുകയായിരുന്ന റഫീഖിനെ ചവിട്ടുകയായിരുന്നു.
ബൈക്ക് നിയന്ത്രണംവിട്ടു റോഡിലേക്കു റഫീഖ് തെറിച്ചു വീഴുകയും ചെയ്തു. ഇതിനിടയിൽ അക്രമികളുടെ ബൈക്കും നിയന്ത്രണംവിട്ടു മറിഞ്ഞു. മങ്കിക്യാപ് ധരിച്ചാണ് അഞ്ചംഗസംഘം എത്തിയത്. നിലത്തുവീണുകിടന്ന റഫീഖിനെ അഞ്ചംഗസംഘം ആക്രമിച്ച് പോക്കറ്റിലുണ്ടായിരുന്ന പണവും ബൈക്കിൽ സൂക്ഷിച്ച പണവും കവരുകയായിരുന്നു.
സ്വരലാൽ ആണു കവർച്ചയുടെ സൂത്രധാരനെന്നും ഇവർക്കു പിന്നിൽ വൻസംഘം ഉള്ളതായി സൂചന ലഭിച്ചിട്ടുണ്ടെന്നും ചക്കരക്കൽ എസ്ഐ പി. ബിജു പറഞ്ഞു. കണ്ണൂർ ജില്ല കേന്ദ്രീകരിച്ചു പണം തട്ടിയെടുക്കുന്ന യുവാക്കളുടെ വൻ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നാണു പോലീസിനു ലഭിച്ച വിവരം.