ചെറായി: ബൈക്കിനെത്തി പതിനഞ്ചുകാരന്റെ പക്കല്‍നിന്ന് 19000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത യുവാക്കളും മോഷണമുതല്‍ ആണെന്ന് അറിഞ്ഞിട്ടും ഫോണ്‍ വിലയ്ക്കു വാങ്ങിയ മറ്റൊരു യുവാവും അറസ്റ്റില്‍.
ആലുവ എന്‍എഡി റോഡ് ലക്ഷ്മി വിലാസത്തില്‍ ആരോമല്‍(20), കളമശേരി കൈപ്പടമുകള്‍ പുതുശേരി അശ്വിന് (20) എന്നിവരാണ് ഫോണ്‍ മോഷണത്തിന് അറസ്റ്റിലായത്.
ഫോണ്‍ വാങ്ങിയ എറണാകുളത്തെ മൊബൈല്‍ ഫോണ്‍ ഷോപ്പ് ജീവനക്കാരന് അടിമാലി നെല്ലിക്കുന്നു കൂമ്പന്‍ പാറ ജീമോന്‍ സെബാസ്റ്റ്യന്‍ (22) ആണ് അറസ്റ്റിലായ മൂന്നാമന്.
3000 രൂപക്കാണ് ഇയാള്‍ ഫോണ്‍ വാങ്ങിയത്. ഫോണ്‍ പോലീസ് കണ്ടെടുത്തു. ഈ മാസം 10ന് ചെറായി ബീച്ച് റോഡില്‍ കുന്നത്ത് ക്ഷേത്രത്തിനടുത്ത് വച്ച് ചെറായി അറുകാട് അര്ജുന് സന്തോഷിന്റെ ഫോണ്‍ ആണ് സംഘം കവര്‍ന്നത്.
സംഭവത്തിനു ശേഷം പ്രതികള്‍ ഒളിവിലായിരുന്നു. സംഭവസ്ഥലത്തെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയാന്‍ ഇടയാക്കിയത്.
മുനമ്പം സിഐ എ.എല്‍. യേശുദാസ്, എസ്ഐ കെ.എസ്. ശ്യാംകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.