അമ്പലപ്പുഴ: ആശുപത്രിയിൽനിന്നു മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ദമ്പതികൾ പിടിയിൽ.
ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽനിന്നു ഫോൺ മോഷ്ടിച്ച കേസിലാണ് കൊല്ലം കുണ്ടറ പടപ്പക്കര ജോസഫ് വിലാസത്തിൽ ബിജു (58), ഭാര്യ ലക്ഷ്മി (54) എന്നിവരെ അമ്പലപ്പുഴ പോലീസ് ഇൻസ്പെക്ടർ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ അഞ്ചിന് നൂറനാട് സ്വദേശിനിയുടെ മൊബൈൽ ഫോൺ മോഷണം പോയപ്പോൾ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു.
ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെ 11ന് ചൊവ്വാഴ്ച രാവിലെ 8.30ന് സംശയാസ്പദമായ രീതിയിൽ രണ്ടു പേരെ എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ അനശ്വറിന്റെ ശ്രദ്ധയിൽപ്പെട്ടു.
തുടർന്നു നേരത്തെ സിസിടിവി ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ചു. ഒ.പി ഹാളിൽ ഇരിക്കുന്നവർ തന്നെയാണ് മോഷ്ടിച്ചതെന്നു കണ്ടെത്തി.
തുടർന്നു രണ്ടു പേരെയും സ്റ്റേഷനിൽ ഹാജരാക്കി.ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം സമ്മതിച്ചു. കൂടാതെ കുത്തിയതോട് സ്വദേശിനിയുടെ 10,000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ചെന്നും വെളിപ്പെടുത്തി.
രോഗികൾ എന്ന വ്യാജേനയെത്തി മോഷണം നടത്തുകയായിരുന്നു ഇവരുടെ രീതി. സബ് ഇൻസ്പെക്ടർ ടോൾസൺ പി. ജോസഫ്, ജൂനിയർ സബ് ഇൻസ്പെക്ടർ ബാലസുബ്രമണ്യം, ജിഎസ്ഐ ഗോപകുമാർ, എസ്സിപിഒ രതീഷ് ബാബു, സിവിൽ പോലീസ് ഓഫീസർ അനശ്വർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.