ചാലക്കുടി: തൃശൂർ ടൗണിൽ നിന്നും മോഷ്ടിച്ച മൊബൈലുമായി കുപ്രസിദ്ധ തമിഴ് മോഷ്ടാവിനെ പിടികൂടി.തമിഴ്നാട് കന്യാകുമാരി മുരുന്നം പാറൈ സ്വദേശി ജ്ഞാനദാസൻ എന്ന ദാസൻ (49 ) ആണ് പിടിയിലായത്.
കേരളത്തിലും തമിഴ്നാട്ടിലുമായി നൂറിൽപരം മോഷണ കേസുകളിലും പോക്കറ്റടിക്കേസുകളിലും പ്രത്രിയായ ദാസൻ മുപ്പതിൽപരം വർഷങ്ങളായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
കഴിഞ്ഞ ദിവസം തൃശൂർ ടൗണിൽ ജോലി ആവശ്യത്തിനായി എത്തിയ പാലക്കാട് സ്വദേശി ശക്തൻമാർക്കറ്റിനു സമീപം സിനിമാ ഷൂട്ടിംഗ് നടക്കുന്നത് കണ്ട് അൽപ നേരം ഷൂട്ടിംഗ് കണ്ടുനിന്ന ശേഷം ബസിൽ കയറാൻ ശ്രമിക്കവേയാണ് വില കൂടിയ മൊബൈൽ ഫോണ് മോഷണം പോയതായി മനസിലായത്.
വീണു പോയതാവാമെന്ന ധാരണയിൽ പരിസരത്താകെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. സമീപത്തുണ്ടായിരുന്ന ആളുടെ ഫോണ് വാങ്ങി വിളിച്ചു നോക്കിയെങ്കിലും രണ്ട് റിംഗിനു ശേഷം സ്വിച്ചോഫായി.
ഇതോടെ സിനിമാ ഷൂട്ടിങ്ങിനിടയിലെ തിരക്കിൽ ഫോണ് ആരോ മോഷ്ടിച്ചതാണെന്ന ധാരണയിൽ തൃശൂർ ടൗണ് ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണമാരംഭിക്കുകയായിരുന്നു.
ചാലക്കുടിയിലെത്തിയ മോഷ്ടാവ് ഫോണിൽ നിന്നും സിം കാർഡ് ഉൗരിമാറ്റാൻ ശ്രമിച്ചെങ്കിലും നടക്കാതായതോടെ രണ്ടുയുവാക്കളുടെ സഹായം തേടുകയും സംശയം തോന്നിയ യുവാക്കൾ വിവരം പോലീസ് സ്റ്റേഷനിലറിയിക്കുകയായിരുന്നു.
തൃശൂർ ടൗണിൽ നിന്നും മൊബെൽ ഫോണ് മോഷണം പോയതറിഞ്ഞിരുന്നതിനാൽ ചാലക്കുടി സബ് ഇൻസ്പെക്ടർ എം.എസ് ഷാജൻ, അഡീഷണൽ എസ്ഐ ഡേവിസ് സി.വി, എഎസ്ഐ ജോഷി, സീനിയർ സിപിഒ എ.യു. റെജി, സിപിഒമാരായ പ്രസാദ് എം പി, ജയകൃഷ്ണൻ , ഇ.എം അലി ഡ്രൈവർ എഎസ്ഐ ഷൈജു എന്നിവരടങ്ങിയ സംഘം മോഷ്ടാവിനെ കണ്ടെത്താൻ പട്രോളിംഗ് നടത്തുന്നതിനിടെ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും ഓട്ടോ റിക്ഷാ ഡ്രൈവർമാരുടേയും മറ്റും സഹായത്തോടെ മോഷ്ടാവിനെ കണ്ടെത്തിയത്.
കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോൾ പേരും വിലാസവുമടക്കം എല്ലാം തെറ്റായാണ് പോലിസിനെ അറിയിച്ചത്. തുടർന്ന് സ്റ്റേഷനിലെത്തിച്ച് നടത്തിയ വിശദമായ പരിശോധനയിൽ മോഷ്ടിച്ച മൊബൈൽ കണ്ടെടുത്തു.
1990ൽ അർദ്ധ സർക്കാർ സ്ഥാപനമായ എറണാകുളം ജില്ലയിലെ കാലടി പ്ലാന്റേഷൻ കോർപ്പറേഷൻ വക റബർ ഫാക്ടറിയിൽ നിന്നും സംസ്കരിച്ച ലാറ്റക്സ് മോഷ്ടിച്ച കേസിൽ അയ്യന്പുഴ പോലീസ് സ്റ്റേഷനിലടക്കം പലയിടത്തും പിടികിട്ടാപ്പുള്ളിയാണെന്ന് കണ്ടെത്തിയ തിനെത്തുടർന്ന് ദാസന്റെ അറസ്റ്റു രേഖപ്പെടുത്തി വൈദ്യ പരിശോധനയും മറ്റും നടത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
പിടിയിലായപ്പോൾ നെയ്യാറ്റിൻകര സ്വദേശി സ്റ്റീഫനെന്ന പേരും മറ്റും നൽകി പോലീസിനോട് നുണ പറഞ്ഞ് രക്ഷപെടാൻ ശ്രമിച്ച ദാസൻ തമിഴ് നാട് ഈറോഡ് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് ഒളിവിൽ കഴിഞ്ഞിരുന്നതെന്നു കണ്ടെത്തിയതിനാൽ ഇയാൾ വേറെയും മോഷണം നടത്തിയിട്ടുണ്ടോയെന്നും ഇയാളുടെ കൂട്ടാളികളേയും മറ്റും കണ്ടെത്താനും തുടർ അന്വേഷണം നടത്തുമെന്നു പോലീസ് അറിയിച്ചു.