കൊട്ടാരക്കര: മുത്തുമാരി അമ്മൻ കോവിലിലെ വഞ്ചി മോഷണക്കേസിൽ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു . മാവേലിക്കര വേരൂർ മള്ളാട്ടു താഴേവീട്ടിൽ അജയകുമാർ(21), ഭാര്യ ശ്രീലക്ഷ്മി(19) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ഇവരുടെ പതിനാറുകാരനായ ബന്ധുവും കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കുരിശടികളിലുൾപ്പടെ നിരവധി മോഷണങ്ങൾ നടത്തിയ കേസിൽ ചെങ്ങന്നൂരിൽ നിന്നാണ് ഇവർ പിടിയിലായത്.
പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊട്ടാരക്കര മുത്തുമാരി അമ്മൻ കോവിലിലെ മോഷണം സംബന്ധിച്ച് വിവരം ലഭിക്കുന്നത്. കാറിൽ കറങ്ങി മോഷണം നടത്തുന്ന ഇവർ മുത്തുമാരി അമ്മൻകോവിലിലെ വഞ്ചിയും കാറിൽ കടത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.