തൊടുപുഴ: പൂട്ടിക്കിടന്ന വീട്ടില്‍ നിന്നും 20000 രൂപയും രണ്ടര പവന് സ്വര്‍ണവും മോഷ്ടിച്ച പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ വീടിനുള്ളില്‍ നുഴഞ്ഞു കയറിയ വിദ്യ നാട്ടുകാരെ അമ്പരപ്പിച്ചു.
കഴിഞ്ഞ മേയ് 24ന് കോതായിക്കുന്നിലെ വീട്ടില്‍ മോഷണം നടത്തിയ പ്രതി ഈരാറ്റുപേട്ട നടക്കല്‍ മുണ്ടകപറമ്പില്‍ ഫൈസലി (42)നെയാണ് ഇന്നലെ സ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചത്.
വീടിന്റെ ഒരു ഭാഗവും കുത്തിപ്പൊളിക്കാതെയാണ് മോഷ്ടാവ് അകത്തു കടന്നതെന്ന് വ്യക്തമായിരുന്നു. വീടിന്റെ മുന്‍വശത്തെ ജനലിന് ഒരു കമ്പി ഇല്ലായിരുന്നു.
ഇത്ര ചെറിയ വിടവിലൂടെ എങ്ങനെ മോഷ്ടാവ് അകത്ത് കടന്നുവെന്നതു പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. വീടിനുള്ളില്‍ നിന്നും വിരലടയാളം ലഭിച്ചപ്പോഴാണ് പുറമേ നിന്നൊരാള്‍ അകത്ത് കയറിയെന്ന് ഉറപ്പിക്കാനായത്.
പിടിയിലായ പ്രതി പറഞ്ഞതും ജനല്‍വഴി അകത്തു കയറിയെന്നാണ്. ഇതോടെയാണ് കസ്റ്റഡിയിലായ പ്രതിയെ സ്ഥലത്തെത്തിച്ചു മോഷണരീതി പുനരാവിഷ്കരിച്ചത്.
പൂട്ടിക്കിടന്ന ജനലിലേക്കു ചവിട്ടിക്കയറി മുകൾനിരയിലെ കമ്പിയില്‍ പിടിച്ച് ജനലിന്റെ കമ്പിയില്ലാത്ത ഭാഗത്തുകൂടി ആദ്യം കാല് അകത്തേക്കിട്ട് പിന്നീട് ഉടല് പ്രത്യേക രീതിയില്‍ വളച്ചാണ് പ്രതി അകത്തു കയറിയത്.
കൈയും തലയും ആദ്യം അകത്തിട്ടാല്‍ ചെറിയ വിടവിലൂടെ അകത്തേക്ക് കയറാനാവില്ലെന്നും അതിനാലാണ് ഇത്തരത്തില്‍ ചെയ്തതെന്നും പ്രതി പോലീസിനോട് പറഞ്ഞു.
വിവിധ പോലീസ് സ്റ്റേഷനുകളിലായി 25ഓളം മോഷണക്കേസുകളില്‍ പ്രതിയും ശിക്ഷിക്കപ്പെട്ടിട്ടുള്ള ആളുമാണ് ഫൈസല്‍.