കട്ടപ്പന: ആത്മഹത്യകുറിപ്പ് എഴുതി വച്ചു മുങ്ങിയ തട്ടിപ്പുകാരൻ പോലീസ് പിടിയിലായി. വാഹനങ്ങൾ വാടകയ്ക്കെടുത്തു പണയംവച്ചു തട്ടിപ്പു നടത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇടക്കര സ്വദേശിയുടെ വാഹനം പണയപ്പെടുത്തി തട്ടിപ്പു നടത്തി മുങ്ങിയെന്ന കേസിൽ കട്ടപ്പന വെട്ടിക്കുഴക്കവലയിൽ വാടകയ്ക്കു താമസിച്ചിരുന്ന നിലന്പൂർ വരിക്കോട്ടിൽ ഫറൂസ്ഖാൻ(29) ആണ് പിടിയിലായത്.
ആലപ്പുഴയിൽ വനിതാ ഡോക്ടറെ കബളിപ്പിച്ചു പണവും സ്വർണവും തട്ടിയെടുത്തതായും ഇയാൾക്കെതിരേ മഞ്ചേരി സ്റ്റേഷനിൽ കേസുണ്ട്. സ്വകാര്യ വാഹനം വാടയ്ക്കെടുത്തു പണയപ്പെടുത്തി പണം തട്ടിയതായി പയ്യോളി സ്റ്റേഷനിലും കേസുണ്ട്.
ഇടക്കരയിൽ കടൽത്തീരത്ത് ആത്മഹത്യാ കുറിപ്പെഴുതി വച്ച ശേഷമാണ് ഇയാൾ കട്ടപ്പനയിലേയ്ക്കു മുങ്ങിയത്. ഇതേത്തുടർന്ന് അവിടെ തെരച്ചിലും നടത്തിയിരുന്നു. ഹോസ്പിറ്റൽ മാനേജ്മെന്റുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് കൈവശമുള്ള ഇയാൾ അതിന്റെ ബലത്തിൽ സ്വകാര്യ ആശുപത്രിയിൽ ജോലിക്കു ശ്രമിക്കുന്നതിനിടെയാണ് ഇടക്കരയിൽനിന്നുള്ള അന്വേഷണ സംഘത്തിന്റെ പിടിയിലായത്.