കട്ടപ്പന: അയൽവാസിയുടെ ആളില്ലാത്ത വീട്ടിൽ കയറി ഒമ്പതര പവർ സ്വർണം മോഷ്ടിച്ച അമ്മയും മകനും അറസ്റ്റിൽ. മുരുകേശ്വരി രമേശ് (38), ശരൺകുമാർ (22)എന്നിവരെയാണ് കട്ടപ്പന പോലീസ് പിടികൂടിയത്. കഴിഞ്ഞ ജനുവരി 23നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
കടമാക്കുഴിയിൽ പുത്തൻപുരക്കൽ രാജേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. തമിഴ്നാട് സ്വദേശികളായ പ്രതികളായ ഇവർ ഇടുക്കി ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
കടമാക്കുഴിയിൽ താമസിക്കുന്നതിനിടെ അയൽവാസികൾ ആശുപത്രി ആവശ്യത്തിനായി പുറത്തുപോയ സമയത്ത് അതിക്രമിച്ച് വീട്ടിൽ കയറി മോഷണം നടത്തുകയായിരുന്നു.
വീട്ടുകാർ ഫെബ്രുവരി രണ്ടിന് തിരിച്ചെത്തിയപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടപ്പെട്ട കാര്യം അറിയുന്നത്. പരാതിയുടെ അടി സ്ഥാനത്തിൽ പ്രതികളെ പാറത്തോട്ടിൽനിന്നും പിടികൂടി.
സ്വർണം നെടുങ്കണ്ടത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയപ്പെടുത്തി നാലു ലക്ഷം രൂപ വാങ്ങിയതായും തെളിഞ്ഞു.