അടൂര്‍: ഹൈസ്കൂള്‍ ജംഗ്ഷന് സമീപമുള്ള ഫെഡറല്‍ ബാങ്ക് എടിഎം കുത്തിതുറന്ന് പണം അപഹരിക്കാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലായ ഒഡീഷ സ്വദേശിയെ കസ്റ്റഡിയില്‍ വാങ്ങി തുടരന്വേഷണം നടത്തുമെന്ന് പോലീസ്.
ഒഡിഷ ബാലേഷര്‍ ജില്ലയില്‍ ഗജിപൂര്‍ ചന്ദനേശ്വര്‍ സ്വദേശി ഗൗര ഹരി മാണായാണ് (36) അടൂര്‍ പോലീസിന്റെ പിടിയിലായത്. 19നു രാത്രിയാണ് അടൂരില്‍ മോഷണശ്രമം നടന്നത്.
എടിഎമ്മിന്റെ മുന്‍വശത്തെ സിസിടിവി കാമറകളും അലാറവും വിച്ഛേദിച്ച ശേഷം ഉള്ളില്‍ കടന്ന ഇയാള്‍ മെഷീന്റെ മുന്‍വശം തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
തുടര്‍ന്ന് ഇയാള്‍ അവിടം വിട്ടുപോകുകയായിരുന്നു. പിന്നീട് എടി എമ്മിലെത്തിയ ആളുകള്‍ മെഷീന്റെ വാതില്‍ പൊളിഞ്ഞുകിടക്കുന്നത് പോലീസില്‍ വിവരമറിയിക്കുകയും, പോലീസ് ബാങ്ക് അധികൃതരെ ഉടനെതന്നെ ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
എടിഎമ്മിനുള്ളിലെ സിസിടിവിയില്‍ മുഴുവന്‍ സംഭവങ്ങളും പതിഞ്ഞിരുന്നതിനാല്‍ പ്രതിയെ പിടികൂടാന്‍ സഹായകരമായി. അടൂരില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്.
സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് മോഷ്ടാവ് ഇതരസംസ്ഥാനത്തു നിന്നുള്ളയാളാണെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലും മറ്റും രാത്രിതന്നെ തെരച്ചില്‍ ആരംഭിച്ചു.
വ്യാപകമായ പരിശോധനയെ തുടര്‍ന്ന് പ്രതിയെ കുടുക്കുകയായിരുന്നു. ഇയാള്‍ മറ്റു കേസുകളില്‍ പ്രതിയാണോ, കൂട്ടാളികള്‍ ആരെങ്കിലും ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ അന്വേഷണം തുടരുകയാണ്.
അടൂരുള്ള ഒരു ഹോട്ടലിലെ ജീവനക്കാരനായ ഇയാള്‍ രണ്ട് ദിവസമായി ജോലിക്ക് പോകാതിരിക്കുകയായിരുന്നു. ഡിവൈഎസ്പി ആര്. ബിനുവിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണസംഘത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി. ഡി. പ്രജീഷ്, എസ് ഐ മാരായ വിമല്‍ രഘുനാധ്, അനില്‍കുമാര്‍,, എ എസ് ഐ സുരേഷ് കുമാര്‍,എസ് സിപിഒമാരായ വിനോദ്, സൂരജ്, ഹോം ഗാര്‍ഡ് ഉദയകുമാര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും